അങ്കമാലി: എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം എന്ന അവസ്ഥയിൽ അങ്കമാലി നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ ഏറ്റവും മുകൾ ഭാഗത്തെ കോൺക്രീറ്റിന്റെ ഒരു ഭാഗം നിലംപതിച്ചു. തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി. ജീർണിച്ച ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പലവട്ടംചൂണ്ടിക്കാട്ടിയതാണ്. നിരവധി പ്രാവശ്യം ഇതേ ആവശ്യം ഉന്നയിച്ച് സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും ജീർണിച്ച് ആൽമരങ്ങൾ വളർന്ന അവസ്ഥയിലാണ്. പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപ്പെട്ട തൃശൂർ എൻജിനിയറിംഗ് കോളേജിന്റെ സർട്ടിഫിക്കറ്റിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നര പിന്നിട്ടു. ഏത് സമയത്തും വൻ അപകടസാദ്ധ്യതയാണ് നിലനിൽക്കുന്നത്.
ഇത് കൂടാതെ കെട്ടിടത്തിന്റെ പിന്നാമ്പുറങ്ങളിലും ഹാളുകളിലും ഹരിതകർമ്മസേന ശേഖരിച്ച് കൊണ്ട് വന്ന പ്ലാസ്റ്റിക്ക് മലപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഒരു തീപ്പൊരി മതി പ്രദേശം കത്തി ചാമ്പലാകാൻ. അടർന്ന് വീണ കെട്ടിട ഭാഗവും മാലിന്യകൂമ്പാരവും പ്രതിപക്ഷ കൗൺസിലർമാർ സന്ദർശിച്ചു. തുടർന്ന് ചേർന്ന യോഗം പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലക്സി ജോയി, കൗൺസിലർമാരായ ഗ്രേസി ദേവസി, വിൽസൻ മുണ്ടാടൻ, മോളി മാത്യു, സരിത അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.