
അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ സി.പി.എം ഏകദിന സത്യാഗ്രഹ സമരം നടത്തി. പൊതു ശ്മശാനം, പൊതുമാർക്കറ്റ്, ഏഴാറ്റുമുഖം ടൂറിസം എന്നിവ യാഥാർത്ഥ്യമാക്കുക, മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി.വി. ടോമി, ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണി മൈപ്പാൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.