gst-march

പെരുമ്പാവൂർ: വ്യാപാരി സമൂഹത്തിന് നേരേയുളള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരിശോധനയുടെ മറവിൽ വ്യാപാരികളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ കേരളത്തിലെ ജി.എസ്.ടി ഉദ്യോഗസ്ഥരെ പരിശോധനയുമായി മുന്നോട്ട് പോകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. മർച്ചന്റ്‌സ് അസോ. പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്,​ ജനറൽ സെക്രട്ടറി വി.പി. നൗഷാദ്, വി.ടി. ഹരിഹരൻ, റോയൽ നൗഷാദ്, എം.കെ. രാധാകൃഷ്ണൻ, കെ.പി. പാർത്ഥസാരഥി, ബാബാസ് നാസർ, എസ്. ജയചന്ദ്രൻ, സി.എം. സെയ്തുമുഹമ്മദ്, പി. മനോഹരൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ ഒരു സ്ഥാപനത്തിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ മാനസിക,​ ശാരീരിക പീഡനത്തെ തുടർന്ന് സ്ഥാപന മാനേജർ ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ പെരുമ്പാവൂർ ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തിയത്.