കോതമംഗലം: നേര്യമംഗലം ബസ് സ്റ്റാൻഡിൽ അശ്രദ്ധമായി മുന്നോട്ടെടുത്ത സ്വകാര്യ ബസ് ദേഹത്തു കയറി 74കാരി മരിച്ചു. ഭർത്താവും നാല് സ്കൂൾ കുട്ടികളും ഭാഗ്യംകൊണ്ടു മാത്രമാണ് ബസിന് അടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
മാമലക്കണ്ടം പാക്കാട്ട് തങ്കപ്പന്റെ ഭാര്യ കൗസല്യ (74)യാണ് ഇന്നലെ രാവിലെ എട്ടിനുണ്ടായ അപകടത്തിൽ മരിച്ചത്. മാമലകണ്ടത്ത് നിന്ന് കൗസല്യയും ഭർത്താവും നേര്യമംഗലം ഇഞ്ചത്തൊട്ടിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോകാനായി നേര്യമംഗലം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. മാമലക്കണ്ടം - കോതമംഗം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിൽ നിന്ന് ഇറങ്ങിയ ശേഷം അതേ ബസിനു മുന്നിലൂടെ മറുവശത്തേക്ക് പോകുമ്പോഴാണ് അപകടം. ഈ സമയം നാല് സ്കൂൾകുട്ടികളും ബസിനെ മറികടക്കാൻ ഉണ്ടായിരുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ കാണാം. തങ്കപ്പനും സ്കൂൾ കുട്ടികളും മറികടന്നയുടൻ പെട്ടെന്ന് മുന്നോട്ടെടുത്ത ബസ് കൗസല്യയെ തട്ടിയിടുകയും പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊന്നുകൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഡ്രൈവർക്കെതിരെ കേസെടുത്തു.
കൗസല്യയുടെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, സുനിത. മരുമക്കൾ: സുദർശനൻ, സതീഷ്.