anu-amritha

ആലുവ: ക്ഷേത്രചുമർ ചിത്രകലയിലൂടെ പ്രശസ്തയായ വനിത ചിത്രകാരി അനു അമൃതക്ക് നീറുന്ന വേദനയായി പ്രളയശില്പങ്ങൾ. ആറ് വർഷം മുമ്പ് കൈയിൽ കിടന്ന സ്വർണ ചെയിൻ പണയം വെച്ച് തയ്യാറാക്കിയ ശില്പങ്ങൾ ഇപ്പോഴും പ്രദർശിപ്പിക്കാനാകാത്ത വിഷമത്തിലാണ് കലാകാരി. 2018ലെ മഹാപ്രളയത്തിൽ ആലുവ നഗരം വെള്ളത്തിൽ മുങ്ങിയതിന്റെ ഓർമ്മയായിട്ടാണ് 10 അടി ഉയരവും മൂന്നര അടി വീതിയിലുമായി സിമന്റ് റിലീഫിൽ ശില്പം തയ്യാറാക്കിയത്. 400 വർഷം വരെ സുരക്ഷിതമായിരിക്കുമെന്ന് അനു പറയുന്നു. 2018 ആഗസ്റ്റ് 16നാണ് കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞ് വെള്ളം ആലുവ നഗരത്തിലേക്ക് ഇരച്ചുകയറിയത്. അന്ന് നഗരം കണ്ട പ്രധാന കാഴ്ച്ചകളാണ് ശില്പങ്ങളിൽ ഉൾപ്പെടുത്തിയത്. നഗരത്തിൽ നിന്നും വെള്ളം ഇറങ്ങിയതിന് പിന്നാലെ 10 ദിവസം കൊണ്ടാണ് അനുവും ശിഷ്യന്മാരും ശില്പങ്ങൾ തീർത്തത്.

പ്രസവവേദനയിൽ പുളഞ്ഞ ഗർഭിണിയെ പള്ളിക്കെട്ടിടത്തിന് മുകളിൽ നിന്ന് എയർ ലിഫ്ട് ചെയ്യുന്നതും ആകാശത്ത് നിന്ന് ഹെലികോപ്ടറിൽ ഭക്ഷണപ്പൊതികൾ ഇടുന്നതും ശില്പത്തിലുണ്ട്. മണപ്പുറം ശിവക്ഷേത്രം, തോട്ടക്കാട്ടുകര ക്രൈസ്തവ ദേവാലയം, മുസ്ലീം പള്ളി എന്നിവയെല്ലാം വെള്ളത്തിലായതും ബോട്ടിലും വഞ്ചിയിലും ടോറസിലും ആളുകളെ രക്ഷപ്പെടുത്തുന്നതും മാർത്താണ്ഡവർമ്മ പാലവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. സിമന്റ്, ചോക്കുപൊടി, ഡീസൽ, ശർക്കര ഉരുക്കിയത്, മണൽ എന്നിവയെല്ലാം ചേർത്താണ് ശില്പം തയ്യാറാക്കിയത്. വാഴക്കുളം സ്വദേശി ബാബു തടത്തിലാണ് അനുവിന്റെ മുഖ്യസഹായി. സംസ്ഥാനത്തെ 15 ക്ഷേത്രങ്ങളിൽ ചുമർചിത്രം വരച്ചിട്ടുണ്ട്. ശില്പ ശ്രേഷ്ഠ പുരസ്കാരം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ഉൾപ്പെടെ നിരവധി അവാഡുകളും അമൃതയ്ക്ക് ലഭിച്ചിട്ടുണ്ട്.

കബളിപ്പിച്ചത് നഗരസഭ

ആലുവ മുനിസിപ്പൽ പാർക്കിൽ സ്ഥാപിക്കാമെന്ന് ചെയർപേഴ്സണായിരുന്ന ലിസി എബ്രഹാം പറഞ്ഞതിനാലാണ് ശില്പങ്ങൾ തയ്യാറാക്കിയത്. പാർക്ക് നവീകരിക്കുമ്പോൾ സ്ഥാപിക്കാമെന്ന പേരിൽ സ്വന്തം സ്ഥാപനത്തിൽ ശിൽപ്പം സൂക്ഷിച്ചു. ഇതിനിടയിൽ

അനുവിന് സ്വന്തം സ്ഥാപനമായ അമൃത സ്കൂൾ ഒഫ് ആർട്സ് മറ്രൊരു കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നപ്പോൾ ശിൽപ്പം നാലായി മുറിക്കേണ്ടി വന്നു. നിലവിൽ എം.ഒ. ജോണിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഞ്ച് മാസം മുമ്പ് പാർക്ക് നവീകരിച്ചെങ്കിലും അനുവിന്റെ ശില്പങ്ങൾക്ക് സ്ഥാനമുണ്ടായില്ല.

ചെലവഴിച്ച പണം വേണ്ട. ശില്പങ്ങൾ പാർക്കിൽ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. സ്വന്തം നാട്ടിലും കലയിൽ തന്റെ മുദ്ര പതിപ്പിക്കാനാണ് ശില്പം തീർത്തത്.

അനു അമൃത