കൊച്ചി: രാജ്യം കൊള്ളയടിക്കുന്നവരുടെ കൈയിൽ വിലങ്ങ് വയ്‌ക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുചിന്റെ രാജിയും ജെ.പി.സി അന്വേഷണവും ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തിയ ഇ.ഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഹരി വിപണികളിലെ പ്രവർത്തനങ്ങളെ റെഗുലേറ്റ് ചെയ്യുന്നതിന് കോൺഗ്രസ് കൊണ്ടുവന്ന സെബി ആക്ടിൽ വെള്ളം ചേർക്കുന്ന നിലപാടാണ് മോദിയുടെ ഭരണകാലത്ത് അരങ്ങേറുന്നത്. കുറ്റപത്രം വായിക്കുമ്പോൾ കുറ്റവാളികൾ വെപ്രാളപ്പെടുന്നത് പോലെയാണ് ഹിണ്ടൻബർഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ. നേതാക്കളും കേന്ദ്രസർക്കാരും അദാനിയെയും സെബി ചെയർപേഴ്‌സണെയും ന്യായീകരിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളി, ടി.ജെ. സനീഷ് കുമാർ, നേതാക്കളായ വി.ജെ. പൗലോസ്, എസ്. അശോകൻ, ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.