kothamangalam

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഇന്നലെ പുലർച്ചെ എത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരമ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കരിയിലപ്പാറയിൽ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിന്റെ ഇരുന്നൂറോളം കുലച്ച ഏത്തവാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്. പുളിക്കേക്കുടി പോളിയുടെ പൈനാപ്പിൾ തോട്ടവും റബ്ബറും ഫെൻസിംഗും കാട്ടാനക്കൂട്ടം കുത്തിമറിച്ചു. നിരവധിപ്പേരുടെ കൃഷിയിടങ്ങളുടെ കയ്യാലകളും തകർത്തിട്ടുണ്ട്. പുലർച്ചെ രണ്ടു മണിക്കെത്തിയ ആനകൾ നിരവധി വീടുകൾക്ക് സമീപവും എത്തിയിരുന്നു. ആനകളെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് അകറ്റാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, മെമ്പർമാരായ ബേസിൽ, ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.