പെരുമ്പാവൂർ: ഓണം അടുത്തതോടെ വലിയ തിരക്ക് അനുഭവപ്പെടുന്ന പെരുമ്പാവൂർ നഗരസഭയുടെ പച്ചക്കറി മാർക്കറ്റ് കോംപ്ലക്സ് റോഡ് ആകെ തകർച്ചയിൽ. വലിയ കുഴികളാൽ നിറഞ്ഞിരിക്കുകയാണ് ഈ റോഡ്. ആറ് മാസത്തിലധികമായി മാർക്കറ്റ് കോംപ്ലക്സ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് .
മഴ തുടങ്ങുന്നതിന മുമ്പേ ചെറുകുഴികൾ നിറഞ്ഞ ഈ റോഡ് ഇപ്പോൾ പാതാളക്കുഴികൾ നിറഞ്ഞ അവസ്ഥയിലാണ്. നിത്യേന മാർക്കറ്റിൽ എത്തുന്ന നൂറുകണക്കിന് പച്ചക്കറി കയറ്റി വരുന്ന ഭാരവാഹനങ്ങൾക്കും ചെറുവണ്ടികൾക്കും ഇതല്ലാതെ മറ്റൊരു വഴിയില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്കും തിരിച്ചും നാഷണൽ പെർമിറ്റ് ലോറികൾ ധാരാളം വന്നു പോകുന്ന വഴിയാണ് ഇത്. മഴവെള്ളം കെട്ടിക്കിടക്കുമ്പോൾ പരിചയമില്ലാത്ത ഡ്രൈവർമാർ അപ്രതീക്ഷിതമായി കുഴിയിൽപ്പെട്ടുപോകുന്നത് ഇവിടെ നിത്യസംഭവമാണ്.
ചന്ത ദിവസങ്ങളിൽ റോഡിലെ തിരക്ക് ഇരട്ടിയിലേറെ ആകും. ഗ്രാമങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തുന്നതും ഇവിടെയാണ്. ഇവിടെ നിന്നുമാണ് മറ്റു സ്ഥലങ്ങളിലെ ചെറു കടകളിലേക്ക് പച്ചക്കറി ഉത്പന്നങ്ങൾ കയറിപ്പോകുന്നത്.
നഗരസഭ പരിധിയിലെ ഒട്ടുമിക്ക റോഡുകളും നരകതുല്യമായി മാറിയിരിക്കുകയാണ്. പെരുമ്പാവൂരിലെ പാതാളക്കുഴികൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന ജനത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കുഴുപ്പിള്ളിക്കാവ് അമ്പലത്തിനു മുമ്പിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലും ക്വാറി വേസ്റ്റ് ഇട്ട് അടച്ച കുഴികൾ എല്ലാം വീണ്ടും പാതാളക്കുഴികളായി മാറിയിട്ടും ജനപ്രതിനിധികളുടെ മൗനം ജനങ്ങളെ അമ്പരപ്പിക്കുകയാണ്.
റോഡ് മോശമായതോടെ മാർക്കറ്റിലേക്ക് വരുന്ന ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞു ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ആറുമാസമായി കച്ചവടം തീരെ കുറഞ്ഞതായി വ്യാപാരികൾ
പൂപ്പാനി, കൂവപ്പടി, ചേരാനല്ലൂർ, മലയാറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്ന ചെറുവാഹനങ്ങളും ഇതിലൂടെയാണ് കടന്നു പോകുന്നത് മിനി സിവിൽ സ്റ്റേഷൻ, ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കും ഇതുവഴി ധാരാളം യാത്രക്കാർ പോകുന്നുണ്ട്
ഓണത്തിരക്കുകുടുന്നതിന് മുമ്പ് പെരുമ്പാവൂർ പട്ടണത്തിലെ റോഡുകളിലെ കുഴികളടച്ച് റീടാർ ചെയ്യണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
വർഗീസ് തെറ്റയിൽ പൊതുപ്രവർത്തകൻ