വൈപ്പിൻ: ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകർക്ക് തീയതി അനുവദിക്കുന്ന കാര്യത്തിൽ പറവൂർ സബ് ആർ.ടി.ഒ അധികൃതർ അലംഭാവം കാട്ടുന്നതായി പരാതി. ലേണേഴ്‌സ് ടെസ്റ്റ് കാലാവധി തീരാറായവർക്കും ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും മാസങ്ങളായി ടെസ്റ്റിനുള്ള തീയതി ലഭിക്കുന്നില്ലെന്ന് കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ഹെൻട്രി കുഞ്ഞുമോൻ, സെക്രട്ടറി പി.എക്‌സ്.സജി, ട്രഷറർ എസ്.പി. രാജൻ എന്നിവർ പറഞ്ഞു. അതേസമയം പുതിയതായി ലേണേഴ്‌സ് എടുത്തവർക്ക് ടെസ്റ്റിനുള്ള തീയതി ലഭിക്കുന്നുണ്ട്. ആർ.ടി. ഓഫീസിൽ അന്വേഷിക്കുന്നവരോട് ഡേറ്റ് എടുത്ത് തരേണ്ടത് ഡ്രൈവിംഗ് സ്‌കൂൾ അധികൃതരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതായും ഇവർ കുറ്റപ്പെടുത്തി.