പറവൂർ: അടിക്കടി കുടിവെള്ളപൈപ്പ് പൊട്ടുന്ന തോന്ന്യകാവ് - മഹിളപ്പടി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കാലപ്പഴക്കമുള്ള പ്രീമോ പൈപ്പുകൾ മുഴുവൻ മാറ്റി ഗുണനിലവാരമുള്ള പുതിയ പൈപ്പുകൾ സ്ഥാപിക്കും. നിരന്തരം പൈപ്പ് പൊട്ടുന്നതു മൂലം കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു. ഇതുകൂടാതെ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡിന്റെ പലഭാഗവും തകർന്നു. ഇതുപരിഹരിക്കാൻ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2.56 കോടി രൂപ അനുവദിച്ചത്. കോട്ടുവള്ളി പഞ്ചായത്തിലെ രണ്ട് പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇത് കാലതാമസത്തിനിടയാക്കി. പിന്നീട് രണ്ട് പ്രവർത്തികളായാണ് ടെൻഡർ നടപടി പൂർത്തിയാക്കിയത്. ആകെ മൂന്ന് കോടി രൂപയുടെ നിർമ്മാണമാണുള്ളത്. റോഡുകളുടെ പൊളിഞ്ഞ ഭാഗം നന്നാക്കാനായി പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഇത് വാട്ടർ അതോറിട്ടി പൊതുമരാമത്ത് വകുപ്പിന് നൽകും. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.