ആലുവ: അപകടം വിതയ്ക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കണമെന്നും ജാഗ്രത കാണിച്ചില്ലെങ്കിൽ ജീവിതം തകരുമെന്ന് മുന്നറിയിപ്പും നൽകി റൂറൽ ജില്ലാ പൊലീസ്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.
അയ്യായിരം മുതൽ പതിനായിരം രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘത്തെ ബന്ധപ്പെടുന്നത്. തട്ടിപ്പ് സംഘം അയക്കുന്ന ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്ട്സ് കവരുകയാണ് ആദ്യം. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കും. വായ്പയ്ക്കായി നൽകുന്ന പാൻ കാർഡ് ഉപയോഗിച്ച് കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുണ്ട്. ഇത്തരത്തിൽ കെണിയിൽപ്പെട്ടവർ 1930 എന്ന നമ്പറിൽ പരാതി നൽകാമെന്നും പൊലീസ് അറിയിച്ചു.