തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ഡ്രൈവർമാരുടെ നിയമനവുമായി ബന്ധപ്പെട്ട റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് എതിർപ്പുമായി ഘടകകക്ഷിയായ സി.പി.ഐ രംഗത്തുവന്നത് എൽ.ഡി.എഫിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ ഈ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങളുടെ ഭിന്നതയും പുറത്തുവന്നു. ശനിയാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയുടെ മിനിട്സ് കഴിഞ്ഞദിവസം പുറത്ത് വന്നപ്പോഴാണ് കോൺഗ്രസിനുള്ളിലെ ചേരിതിരിവ് മറനീക്കി പുറത്തുവന്നത്.
കമ്മിറ്റിയിലെ ഏഴാമത്തെ അജണ്ടയായ ഡ്രൈവറുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന തീരുമാനത്തിനെതിരായി കോൺഗ്രസ് അംഗങ്ങളായ സോമിനി സണ്ണി, ആനി അഗസ്റ്റിൻ, നിഷ ബാബു, സ്മിത രാജേഷ് എന്നിവർ വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്നത് പുറത്തുവന്ന മിനിറ്റ്സിൽ നിന്ന് വ്യക്തമായി. ഇവർ പഴയ ഡ്രൈവർമാരെ പിന്തുണച്ചെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനെ എതിർത്തിട്ടില്ലെന്ന് സി.പി.എം പറഞ്ഞു.
20 അംഗ പഞ്ചായത്തിലെ 9 സി.പി.എം അംഗങ്ങളും 4 കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 13 പേർ റാങ്ക് ലിസ്റ്റിനെ അനുകൂലിച്ചും 3 കോൺഗ്രസ് അംഗങ്ങൾ, 3 സി.പി.ഐ അംഗങ്ങൾ 1 സ്വതന്ത്രൻ ഉൾപ്പെടെ 7 പേർ എതിർത്തും വോട്ടുചെയ്തു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ചേരിതിരിവും ചർച്ചയായി.
അതേസമയം കോൺഗ്രസിനൊപ്പം ചേർന്ന് കോടതി വിധിയെ അട്ടിമറിക്കാനും മുന്നണിയെ തകർക്കാനും ശ്രമിച്ച നിലപാടിനെതിരെ സി.പി.എം അംഗങ്ങൾ സി.പി.ഐ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കോടതി വിധിക്കെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ നിലപാടെടുത്ത 7 പേർക്കെതിരെ കോടതിയിൽ പരാതി നൽകുമെന്നും പറയുന്നുണ്ട്.