crime

കോലഞ്ചേരി: വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ ആൾ പിടിയിൽ. പത്തനംതിട്ട മല്ലപ്പിള്ളി വെസ്റ്റ് കൈപ്പറ്റ ആലുംമൂട്ടിൽ രാജേഷ് ജോർജിനെ (51)ആണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിമറ്റത്തെ വ്യാപാര സ്ഥാപനത്തിലെത്തി ഉടമ പണം നൽകാനുണ്ടെന്ന് ജീവനക്കാരിയെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ 14 നായിരുന്നു സംഭവം. കടയിൽ വന്ന് ഉടമയെ ഫോൺ ചെയ്യുകയാണെന്ന വ്യാജേന ഫോൺ ചെയ്ത ശേഷം കടയിലെ ജീവനക്കാരിയിൽ നിന്ന് പണം കൈപ്പറ്റി മുങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ 14 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതു കൂടാതെ നിരവധി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ചെറിയ തുക ആയതിനാൽ ആരും പരാതി നൽകിയിട്ടില്ല. ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ ടി.എസ് . സനീഷ്, കെ.വി. നിസാർ, എ.എസ്.ഐ സൂര്യൻ ജോർജ്, സീനിയർ സി.പി.ഒ മാരായ വർഗീസ് ടി. വേണാട്ട്, ഒ.എസ്. ബിബിൻരാജ്, ധന്യ മുരളി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പി‌ടികൂടിയത്.