kothamangalam

കോതമംഗലം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. ബൈസൺവാലി പൊട്ടൻകാട് വാകത്താനത്ത് ബോബി ഫിലിപ്പ് (36)നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തുകുഴി ശോഭന പടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വച്ചത്. 21ന് ഉച്ചയ്ക്ക് വീണ്ടും സ്വർണം പണയം വയ്ക്കാൻ ചെന്നപ്പോഴാണ് പ്രതി പിടിയിലായത്. നേരത്തെ രണ്ടു തവണ ഇതേ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയിട്ടുണ്ട് ഇയാൾ. സ്ഥിരമായി ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്നയാളാണ് ബോബി ഫിലിപ്പ്. ഇയാൾക്കെതിരെ കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ 40 കേസുകളുണ്ട്. എസ്.ഐമാരായ ഷാഹുൽഹമീദ്, ആൽബിൻ സണ്ണി, വി.എം.രഘുനാഥ്, സി.പി.ഒ. സി.ഇ. ഷെഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.