പറവൂർ: ഓണത്തിന് ഉടുത്തൊരുങ്ങാൻ വൈവിദ്ധ്യങ്ങളായ പുതുപുത്തൻ കൈത്തറി വസ്ത്രങ്ങളുമായി ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ. കൈത്തറി ഉല്പന്നങ്ങൾക്ക് സർക്കാർ നൽക്കുന്ന ഫെസ്റ്റ്‌വെൽ റിബേറ്റ് ആരംഭിച്ചതോടെ സംഘങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലും സ്റ്റാളുകൾ ആരംഭിച്ചു. 23 മുതൽ ഓണം വരെയാണ് ഇരുപത് ശതമാനം റിബേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയവും കൊവിഡും കൈത്തറി മേഖലയെ തളർത്തിയിരുന്നു. ഈ വർഷമാണ് കൈത്തറി സംഘങ്ങൾ വീണ്ടും വിപണി സജീവമാക്കിയത്. മൂന്ന് കോടി രൂപയുടെ വില്പനയാണ് ജില്ലയിലെ കൈത്തറി സംഘങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളസാരി, വിവിധയിനം കളർ ഡിസൈൻ സെറ്റ്മുണ്ട്, കളർ മുണ്ട്, കൈലി, ഒറ്രമുണ്ട്, ഷർട്ട് പീസ് എന്നിവയാണ് ഓണക്കാലത്ത് ഏറെ വിറ്റഴിക്കപ്പെടുന്നത്. സംഘങ്ങൾ ഈ ഉല്പന്നങ്ങൾ പരമാവധി നിർമ്മിച്ചിട്ടുണ്ട്.
-----------------------------------------------------------------------------
കൈത്തറി വസ്ത്രങ്ങളുടെ വിലനിയന്ത്രിക്കുന്ന പ്രധാനവസ്തു നൂലാണ്. അടിക്കടി നൂലിന്റെ വിലവർദ്ധനവ് കൈത്തറി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നൂലിന്റെ വില കൂടിയതനുസരിച്ച് ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. വില്പനയെ ബാധിക്കുമെന്നതിനാലാണ് പ്രതിസന്ധിയുണ്ടെങ്കിലും വില വർദ്ധിപ്പിക്കാത്തത്. ഇതിനാൽ തൊഴിലാളികൾക്ക് കൂലി കൂട്ടാൻ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നൂലിന്റെ വിലക്കയറ്റവും ക്ഷാമവും സംഘങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്.
-----------------------------------------------------------------------------
കൈത്തറി മേഖലക്ക് സഹായം
ഓണക്കാലത്ത് പറവൂരിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും അംഗങ്ങൾക്ക് കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ ഫെസ്റ്റിവൽ വായ്പയുടേയും ഡിസ്കൗണ്ട് കൂപ്പൺ നൽകുന്നുണ്ട്. ഇരുപത് ശതമാനം സർക്കാർ റിബേറ്റ് കൂടാതെ ബാങ്കുകൾ ഇരുപത്തിയഞ്ച് ശതമാനം ഡിസ്കൗണ്ടാണ് നൽകുന്നത്. ഇതിലൂടെ അംഗങ്ങൾക്ക് കൈത്തറി ഉല്പന്നങ്ങൾ പകുതി വിലക്ക് ലഭിക്കും. ലക്ഷങ്ങളുടെ വില്പനയാണ് ബാങ്കിലെ അംഗങ്ങളിലൂടെ കൈത്തറി സംഘങ്ങൾക്ക് ലഭിക്കുന്നത്.