വൈപ്പിൻ: മീനെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുനമ്പം ഹാർബറിലെ മത്സ്യവ്യാപാരിയെ പീലിംഗ് തൊഴിലാളി കുത്തിക്കൊന്നു. മുനമ്പം ഐ.ആർ വളവിന് പടിഞ്ഞാറ് കടുങ്ങി ജനാർദ്ദനന്റെ മകൻ ബാബുവാണ് (57) കൊല്ലപ്പെട്ടത്. പ്രതി പള്ളിപ്പുറം മാണിബസാർ സ്വദേശി പ്രണവിനെ (34) മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. മുനമ്പം ഹാർബറിൽ ബാബു ലേലത്തിനെടുത്ത മത്സ്യമെടുക്കാനെത്തിയ പ്രണവിനെ വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ബാബുവിന്റെ വീട്ടിൽ കയറിയാണ് പ്രണവ് കത്തിക്ക് കുത്തിയത്. ബാബുവിന്റെ ഭാര്യ അനിതയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ആതിര, അനഘ.
പ്രതി പ്രണവിന് മാനസികപ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. അവിവാഹിതനാണ്.