palam

കോലഞ്ചേരി: 'ഇപ്പ ശര്യാക്കി തരാം..." പ്രളയത്തിൽ തകർന്ന തമ്മാനിമറ്റം തൂക്കുപാലം പുതുക്കി പണിയുന്ന കാര്യത്തിൽ ഈ പല്ലവി കേട്ടുതുടങ്ങിയിട്ട് ഇന്നേയ്ക്ക് ആറു വർഷം. പുഴയിൽ വീണു കിടക്കുന്ന അവശേഷിപ്പുകൾ ഇന്ന് തമ്മാനിമറ്റത്തുകാർക്ക് പാലമെന്ന ഓർമ്മ നൽകുന്നതല്ലാതെ മറുകര കടക്കാൻ മറുവഴി തേടേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. കുന്നത്തുനാട് പിറവം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളിലായി 2013ലാണ് പൂർത്തിയായത്. അടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ചരിഞ്ഞു. നിർമ്മാണ ഘട്ടത്തിൽ തന്നെ പാലത്തിന് ചരിവുണ്ടായിരുന്നതായി പരാതി ഉയർന്നിരുന്നു. ആദ്യ പ്രളയത്തിൽ പുഴയിലൂടെ ഒഴുകിവന്ന കൂ​റ്റൻ മരങ്ങൾ ഇടിച്ചാണ് പാലത്തിന്റെ നടപ്പാത ചരിഞ്ഞുപോയത്. പാലം നിർമിച്ച 'കെൽ' തന്നെ കേടുപാടുകൾ തീർത്ത് പാലം സഞ്ചാരയോഗ്യമാക്കി. എന്നാൽ, 2018ലെ പ്രളയം പാലം പിഴുതെടുക്കുകയായിരുന്നു. പാലത്തിന്റെ തമ്മാനിമ​റ്റം കരയിലെ തൂണ് തകർന്നാണ് തൂക്കുപാലം ഛിന്നഭിന്നമായത്. ഇതോടെ തമ്മാനിമറ്റത്ത് നിന്ന് രാമമംഗലമെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടുമായി. പാലം വരുന്നതിന് മുമ്പ് ഇവിടെ കടത്തുണ്ടായിരുന്നു. പാലം വന്നതോടെ കടത്തും നിലച്ചു.

എന്തിനും ഏതിനും ഇവിടത്തുകാർക്ക് കോലഞ്ചേരിയെയോ രാമമംഗലത്തെയോ ആശ്രയിക്കണം. എങ്ങോട്ടു പോയാലും മൂന്നും നാലും കിലോമീ​റ്റർ സഞ്ചരിച്ചതിനുശേഷമേ യാത്ര തുടരാനാകൂ. എന്നാൽ, പാലം വന്നതോടെ ഈ ദുരിതത്തിന് ഒരുപരിധിവരെ ശമനമായിരുന്നു. പാലം നിർമ്മാണത്തിനായി മണ്ണ് പരിശോധനയടക്കം പൂർത്തിയാക്കിയതാണ്. എന്നാൽ അനിശ്ചിതമായി നിർമ്മാണം നീണ്ടു പോകുന്നത് എന്തുകൊണ്ടെന്ന് ആർക്കും ഒരെത്തും പിടിയുമില്ല.

തകർന്ന തൂക്കുപാലത്തിന്റെ പുനർനിർമാണത്തിന് നേരത്തെ അനുവദിച്ചത് 2.16 കോടി രൂപ

ഇത് അപര്യാപ്തമാണെന്ന റിപ്പോർട്ടിനെ തുടർന്ന് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കാൻ സർക്കാർ വീണ്ടും അനുമതി നൽകിയത് 5.37 കോടി രൂപയ്ക്ക്.

ഇത്രയൊക്കെയായിട്ടും പാലത്തിന്റെ പുനർനിർമ്മാണം ഇന്നും അനിശ്ചിതത്തിലാണ്.

ഡിസാസ്​റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നുമാണ് തൂക്കുപാലം പണിയാൻ ആദ്യം ഫണ്ടനുവദിച്ചത്.

ആദ്യ പ്രളയത്തിൽ പാലം തകർന്നപ്പോൾ ഈ ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് അ​റ്റകു​റ്റപ്പണി നടത്തിയത്.

എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ തമ്മാനിമറ്റം തൂക്കുപാലത്തിന്റെ പുനർനിർമ്മാണം ഫ്ളക്സിൽ മാത്രമൊതുങ്ങി. നിർമ്മാണത്തിന് തുക അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേയ്ക്ക് നീങ്ങും.

സുജിത് പോൾ

സെക്രട്ടറി

ഡി.സി.സി