അങ്കമാലി: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൂടെ കേരളം കടന്ന് പോകുമ്പോഴും പഴക്കം മൂലം അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യാൻ കഴിയാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയാണെന്ന് മുതിർന്ന അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനുമായ അഡ്വ. റസ്സൽ ജോയി അഭിപ്രായപ്പെട്ടു. മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദി വെള്ളിവെളിച്ചം പ്രതിവാരസംവാദത്തിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിയും ആശങ്കകളും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംവാദം മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സാബു വടക്കുംഞ്ചേരി അദ്ധ്യക്ഷനായി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുരിയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗേസി ചാക്കോ, സ്ഥിരം സമിതി അദ്ധ്യക്ഷ ജസ്റ്റി ദേവസിക്കുട്ടി, വിജ്ഞാനമിത്ര സാംസ്‌കാരിക വേദി പ്രസിഡന്റ് ടി. എം. വർഗീസ്, സെക്രട്ടറി പി. ഡി. ജോർജ്, ട്രഷറർ എ.പി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.