prathi

കിഴക്കമ്പലം: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തി പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പടിയിൽ. മരട് പവിത്രംവീട്ടിൽ ജയകുമാറിനെയാണ് (45) തടിയിട്ടപറമ്പ് പൊലീസ് അറസ്​റ്റുചെയ്തത്. കിഴക്കമ്പലം മലയിടംതുരുത്തിൽ കുടജാദ്റി അസോസിയേ​റ്റ്‌സ് എന്ന പേരിൽ ആരംഭിക്കുന്ന മരുന്ന് ഹോൾസെയിൽ സ്ഥാപനത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

2012 ലാണ് കേസിനാസ്പദമായ സംഭവം ന‌ടന്നത്. പ്രതിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന മരുന്ന് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് എടത്തല സ്വദേശി വർഗീസിൽനിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പണമില്ലാത്തതിനാൽ വർഗീസിന്റെ 12സെന്റ് സ്ഥലവും വീടും എഴുതിവാങ്ങി. ഈ സ്ഥലത്തിന്റെ രേഖകൾ ബാങ്കിൽ പണയംവച്ച് 16, 50,000രൂപ ലോണെടുത്തു. തിരിച്ചടവ് മുടങ്ങിയതിനാൽ സ്ഥലവും വീടും ജപ്തി ചെയ്തു. പരാതിയിൽ കേസെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതികളെ അറസ്​റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2013ൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി 2018ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

തടിയിട്ടപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നാണ് അറസ്​റ്റുചെയ്തത്. എസ്.സി.പി.ഒ എ.ആർ. ജയൻ, സി.പി.ഒ റോബിൻ ജോയ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.