പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് 10-ാം വാർഡ് പള്ളിക്കവല മില്ലുംപടി എ.സി പള്ളി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. എ.എം. റോഡിൽ മില്ലുംപടി തിരിഞ്ഞ് പി.പി റോഡ്, കണ്ടന്തറ, ഒർണ ഭാഗത്തേക്കു പോകുന്ന റോഡാണിത്. സ്‌കൂൾ, അങ്കണവാടി, പ്ലൈവുഡ് ഫാക്ടറികൾ എന്നിവ റോഡിന്റെ ഇരു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴവെള്ളം ഒഴുകി പോകാനുള്ള കാന മണ്ണ് നിറഞ്ഞു കിടക്കുകയാണ്. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെ സ്‌കൂൾ ബസുകൾ പോകാതെയായി. പി.പി റോഡിലേക്ക് ഇതുവഴി പോകുന്ന ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്. പഞ്ചായത്ത് മെമ്പർ തിരിഞ്ഞു നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
പള്ളിക്കവല മില്ലുംപടി എ.സി പള്ളി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അനുമതി ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങളുടെ കാലതാമസം മാത്രമാണുളളത്. റോഡ് മുഴുവൻ കട്ട വിരിച്ച് ദീർഘനാളത്തേക്കുളള വികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഫൈസൽ മനയിലാൻ
വാർഡ് മെമ്പർ