ഹേമ റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് താര സംഘടനയായ അമ്മയുടെ നിലപാടെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്. അമ്മ ഒളിച്ചോടിയിട്ടില്ല. സിനിമയിൽ പവർ ഗ്രൂപ്പില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമാമേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ചു.
കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് ദിസങ്ങളായിട്ടും അമ്മ പ്രതികരിക്കാതിരുന്നത് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. പ്രതികരണം വൈകുന്നത് ആശാസ്യമല്ലെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് വാർത്താസമ്മേളനം വിളിച്ച് നിലപാട് വിശദീകരിച്ചത്.
റിപ്പോർട്ടിനെ പൂർണമായി സ്വാഗതം ചെയ്യുന്നു. കുറ്റക്കാരാരെന്ന് വ്യക്തമായാൽ നടപടി വേണം. താരനിശയെത്തുടർന്നാണ് പ്രതികരണം വൈകിയത്. അഭിപ്രായ സമന്വയത്തിനും സമയംവേണ്ടിവന്നു. കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരെയല്ല. അമ്മയെ പ്രതിക്കൂട്ടിൽ നിറുത്തിയിട്ടുമില്ല.
രണ്ടുകൊല്ലം മുമ്പ് വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതല്ലാതെ സിനിമാമേഖലയിൽ ഒരു പവർഗ്രൂപ്പും മാഫിയയുമില്ല. രണ്ടുവർഷംമുമ്പ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് പങ്കെടുത്തത്. തുല്യവേതനം നടപ്പാക്കാൻ സാധിക്കുമോ എന്നതുൾപ്പെടെ കാര്യങ്ങളാണ് മന്ത്രി ആരാഞ്ഞത്. അമ്മയുടെ പല അംഗങ്ങളെയും ഹേമാകമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി.
ഇടവേള ബാബുവിനെതിരായ
ആരോപണം പരിശോധിക്കും
അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നതടക്കം യുവനടിയുടെ പരാതി പരിശോധിക്കും. ബാബുവുമായി സംസാരിക്കാനായിട്ടില്ല. അതിനുശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാം.
2006ൽ നടന്ന ഒരു സംഭവത്തെപ്പറ്റിയും നേരത്തെ പരാതി കിട്ടിയിരുന്നു. അതൊഴിവാക്കാൻ പാടില്ലായിരുന്നു. ഇനി എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് ആലോചിക്കും.
അമ്മയിൽ ഭിന്നതയില്ല
അമ്മ സംഘടനയിൽ യാതൊരു ഭിന്നതയുമില്ലെന്ന് സിദ്ധിഖ് പിന്നീട് പറഞ്ഞു. അമ്മയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ തിരുവനന്തപുരത്ത് നടൻ ജഗദീഷ് മാദ്ധ്യമങ്ങളെ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ ഒറ്റപ്പെട്ട സംഭവമെന്ന് സിദ്ദിഖ് പറഞ്ഞതിനെ ജഗദീഷ് ശക്തിയായി എതിർക്കുകയായിരുന്നു.