ആലുവ: സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ സ്ഥാനം രാജിവച്ചതോടെ കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് പ്രതിസന്ധിയായി. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. നാസർ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് കൈമാറുകയായിരുന്നു.
19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് പത്തും പ്രതിപക്ഷത്തിന് ഒൻപതുമാണ് അംഗബലം. ഭരണപക്ഷത്തെ 10 പേരിൽ ഒരാൾ രണ്ട് വർഷത്തോളമായി വിദേശത്തുമാണ്. ഇതിനിടയിൽ രണ്ട് തവണ നാട്ടിലെത്തിയാണ് പഞ്ചായത്ത് അംഗത്വം നിലനിർത്തുന്നത്. നിയമാനുസൃതം ഇനി അവധി ലഭിക്കില്ല. നിയമപരമായി ഭരണപക്ഷത്ത് പത്താണെങ്കിലും വിദേശത്തുള്ള അംഗത്തെ ഒഴിവാക്കിയാൽ അവശേഷിക്കുന്നത് ഒമ്പത് പേരാണ്. ഇവരിലൊരാളാണ് പാർട്ടിയുമായി അകലുന്നത്.
വിദേശത്തുള്ള അംഗം നേരത്തെ വൈസ് പ്രസിഡന്റായിരുന്നു. ഇദ്ദേഹം രാജിവെച്ചപ്പോൾ തന്നെ പരിഗണിക്കാതിരുന്നതാണ് കെ.കെ. നാസറിന്റെ എതിർപ്പിന് കാരണം. പഞ്ചായത്തിന്റെ കീഴിലുള്ള അംഗനവാടി കെട്ടിടം വിട്ടുനൽകിയതിലെ വിവേചനവും പഞ്ചായത്തിലെ അസി. എൻജിനിയറെ മാറ്റണമെന്ന പ്രമേയം പരാജയപ്പെട്ടതുമാണ് പാർട്ടി നേതൃത്വവുമായി നാസറിന്റെ അകലം വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ എ.ഇക്ക് എതിരായ പ്രമേയം ഭരണപക്ഷത്തെ അംഗങ്ങൾ വിട്ടുനിന്നതിനാൽ പരിഗണിക്കാനായില്ല.
ക്ഷേമകാര്യ സ്ഥിരസമിതിയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ളതിനാൽ അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള നാസറിന്റെ രാജി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തെ ബാധിക്കില്ല. എന്നാൽ, പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതിപക്ഷ നിലപാടിനെ പിന്തുണച്ചാൽ കമ്മിറ്റിയിൽ ഭരണപക്ഷം പരാജയപ്പെടും. നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഭരണം നഷ്ടപ്പെടുകയും ചെയ്യും.