pic

കൊച്ചി: വ്യവസായമന്ത്രി പി. രാജീവിനെ സ്വീകരിച്ചത് യുണീക് വേൾഡ് റോബോട്ടിക്‌സിന്റെ രണ്ട് റോബോട്ട് നായ്ക്കൾ. ഉദ്ഘാടനത്തിന് വേദിയിൽ മന്ത്രിയുടെ കൈകളിലേക്ക് റിമോട്ടെത്തിച്ചത് അസിമോവ് റോബോട്ടിക്‌സിന്റെ ഹ്യൂമനോയിഡ് സായ. അങ്ങിനെ കൊച്ചിയിൽ ഇന്നലെ നടന്ന റോബോട്ടിക് റൗണ്ട് ടേബിൾ ഉദ്ഘാടന വേദിയിലും പ്രദർശന ഹാളിലും എല്ലാം റോബോട്ടിക് മയമായിരുന്നു.

വയലിൽ ഉൾപ്പെടെ കൃഷിഭൂമിയിൽ വളം വിതറാനും കീടനാശിനികൾ തളിക്കാനും പറക്കുന്ന ഫ്യൂസലേജ് ഇനോവേഷൻസ് ട്രാവൻകൂർ ഏവിയേഷൻസ് ഡ്രോണുകളും കളമശേരിയിലെ ചാൾസ് വിജയ് നേതൃത്വം നൽകുന്ന നവ ടെക്‌നോളജീസിന്റെ ഓട്ടോമാറ്റിക് കള്ളു ചെത്തുമെഷീനും കാഴ്ചക്കാരെ ആകർഷിച്ചു. ഫ്യൂസലേജിന്റെ ഡ്രോണുകൾ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കാർഷികമേഖലയിൽ സാന്നിദ്ധ്യമറിയിച്ചവയാണ്. ദിവസവും ചെത്താൻ തെങ്ങിൽ കയറേണ്ടതില്ലാത്ത, കള്ള് ട്യൂബ് വഴി താഴെയെത്തിക്കുന്ന സാപ്പർ എന്ന മെഷീൻ നിരവധിപേരെ ആകർഷിച്ചു. പുതിയ വാണിജ്യ മാതൃകകളുമായി പത്ത് എൻജിനീയറിംഗ് കോളേജുകളടക്കം 31 സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തി.

കുട്ടികൾക്ക് കളിക്കാനും റോബോട്ടിക് സാങ്കേതികവിദ്യയുടെ സങ്കീർണതകളിൽ പ്രാവീണ്യം നേടാനും കഴിയുന്ന എഡ്യു റോബോട്ടുകളും

റോബോട്ട് നിർമ്മാണ കിറ്റുകളുമാണ് ഇൻകെർ, യുണീക് വേൾഡ്, ജെൻഎക്‌സ്‌മൈ എന്നിവരുടെ സ്റ്റാളുകളിൽ. രോഗികൾക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനും ഫിസിയോതെറാപ്പി പോലുള്ള വ്യായാമങ്ങൾ ചെയ്യാനും സഹായിക്കുന്ന ആസ്‌ട്രെക് ഹെൽത്ത് ടെക്കിന്റെ റോബോട്ടിക് സ്യൂട്ട് ശ്രദ്ധയാകർഷിച്ചു. പേശികളുടെ ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന റോബോട്ടിക് കൃത്രിമ കൈയും പ്രത്യേകതയായി. അണ്ടർവാട്ടർ ഡ്രോണുമായി ഡി.ആർ.ഡിഒയുടെ കരാർ സ്വന്തമാക്കിയ കേരളത്തിലെ ഐറോവ്, കോർ റോബോട്ടിക്‌സ്, ആളില്ലാ നിരീക്ഷണ ബോട്ട് ലൈവ്‌ബോട്ടിക്‌സ്, ഓട്ടോമാറ്റിക് സൈനിക വാഹനവുമായി ഐഹബ് എന്നിവരും പ്രദർശനത്തിനുണ്ട്.

ശ്രദ്ധ പിടിച്ചുപറ്റിയവർ