പറവൂർ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ പദ്ധതിയായ ക്ളിയർ സൈറ്റിന് ജില്ലയിൽ തുടങ്ങി. ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ സി.എസ്.ആർ സംരംഭമായ ആസ്റ്റർ വൊളന്റിയേഴ്സ്, ആസ്റ്റീരിയൻ യുണൈറ്റഡ്, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി വൺസൈറ്റ് എസിലോർ എക്സോട്ടിക ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് രോഗം നിർണയിച്ചാലുടൻ പ്രീ- ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകും. പറവൂർ കണ്ണകുളങ്ങര ഗവ. എൽ.പി സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, ടിന്റു മുരളി, കെ.വി. അനുപ്രിയ, ടി.ഡി. ജോസഫ്, സാദിക് എന്നിവർ സംസാരിച്ചു.