സമഗ്ര പദ്ധതിയുമായി സ്‌പൈസസ് ബോർഡ്
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് സ്‌പൈസസ് ബോർഡ്. 422.30 കോടി രൂപ ചെലവിലാണ് സ്‌പൈസ്ഡ് (സസ്‌റ്റൈനബിലിറ്റി ഇൻ സ്‌പൈസ് സെക്ടർ ത്രൂ പ്രോഗ്രസീവ് ആൻഡ് കൊളാബറേറ്റീവ് ഇൻർവെൻഷൻസ് ഫോർ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ്) എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർദ്ധനവ്, ശുദ്ധവും സുരക്ഷിതവുമായ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹനം തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025-26 വരെയാണ് പദ്ധതിയുടെ കാലാവധി. സ്‌പൈസസ് ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്ക് മൂല്യവർദ്ധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചെറുകിട, ഇടത്തരം സംരംഭകർക്ക് പുറമെ ആദ്യമായി അപേക്ഷിക്കുന്നവർക്കും മുൻഗണനയുണ്ടാകും. ധനസഹായത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സെപ്തംബർ 20 മുതൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.indianspices.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പദ്ധതി ലക്ഷ്യമിടുന്നത്
1. സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരെ സഹായിക്കാൻ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുക.
2. ഏലത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനായി കർഷക സംഘങ്ങൾ, ഭക്ഷ്യോത്പാദക സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിലെ ഏലം കർഷകർക്ക് സഹായം നൽകുക.
3. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണത്തിന് പ്രോത്സാഹനം നൽകുക.
4. കർഷകർക്ക് ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം, ആവർത്തന കൃഷി, ജല സ്രോതസുകളുടെ നിർമ്മാണം, ജലസേചന സംവിധാനങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്ക് ധനസഹായം നൽകുക.
പദ്ധതിയിലൂടെ സഹായങ്ങൾ ലഭിക്കുന്നത്
മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ
സംരംഭങ്ങൾക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കാൻ
സ്‌പൈസസ് ഇൻകുബേഷൻ കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം
ഈ കേന്ദ്രങ്ങൾ വഴി പുതിയ ഉത്പന്നങ്ങളും ഉത്പാദന രീതികളും വികസിപ്പിക്കുന്നതിന് സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് അവസരം
പ്രത്യേക മുൻഗണന ലഭിക്കുന്നവർ
കാർഷികോത്പാദക കമ്പനികൾ
കാർഷികോത്പാദക സഹകരണ സംഘങ്ങൾ
പട്ടികജാതി പട്ടികവർഗ്ഗ സമൂഹം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകർ
കയറ്റുമതി വ്യാപാരികൾ
ചെറുകിട ഇടത്തരം സംരംഭകർ