പിറവം: മണീട് പഞ്ചായത്ത് ആറാം വാർഡിൽ കാരക്കുടം ക്ഷേത്രത്തിനു സമീപം വീടിന് തീപിടിച്ചു. വീടിനുള്ളിലെ തുണികളും, ഫർണിച്ചറും കത്തി നശിച്ചു. ഇലവുംകുഴി പുത്തൻപുര വീട്ടിൽ ഗോപാലകൃഷ്ണന്റെ വീടാണ് കത്തി നശിച്ചത്. അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന 500 ചതുരശ്ര അടിവിസ്തീർണ്ണമുള്ള അലൂമിനിയം ഷീറ്റു മേഞ്ഞ വീടിന് ഉച്ചയ്ക്ക് മൂന്നുമണിയോടെ തീ പിടിക്കുകയായിരുന്നു. ഈ സമയം വീടിനകത്ത് ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിനകത്ത് സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ ശമനസേന പിറവം സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഭുൽ, സീനിയർ ഓഫീസർ കെ.എസ്. സുജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.