നെടുമ്പാശേരി: കളമശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി കുട്ടി കർഷകരുടെ സംഗമവും കാർഷിക സെമിനാറും അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. വർഗീസ്, അയിരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സി.ടി. ജോസ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ജോജോ, പ്രിൻസിപ്പൽ സിജോ, എം.പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. നാസർ മഠത്തിൽ, ഡോ. ബിനു പി. ബോണി, ജോഷി വർഗീസ്, സുബൈർ എന്നിവർ ക്ലാസെടുത്തു. വിദ്യാർത്ഥികളായ പി.എസ്. അഭിനവ്, സി.ആർ. ശ്രീനന്ദ, എൻ.ബി. ദേവനന്ദൻ എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവച്ചു. പദ്ധതിയുടെ ഭാഗമായി സെപ്തംബർ ഏഴ് മുതൽ 13 വരെ കളമശേരി ചാക്കോളാസ് പവലിയനിൽ നടക്കുന്ന കാർഷികോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.