കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യു ട്യൂബർ ഗോവിന്ദ് വിജയ് (വി.ജെ. മച്ചാൻ-33) അറസ്റ്റിലായി. എറണാകുളം സ്വദേശിനിയുടെ പരാതിയിൽ കളമശേരി പൊലീസ് ഇന്നലെ പുലർച്ചെ എറണാകുളത്തെ താമസസ്ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ സ്വദേശിയാണ് പ്രതി. മാർച്ചിലായിരുന്നു സംഭവം. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
യു ട്യൂബിലും ഇൻസ്റ്റാഗ്രാമിലും രണ്ടരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് 16കാരി പ്രതിയെ പരിചയപ്പെട്ടത്. കൊച്ചിയിലെ മാളിൽവച്ച് നേരിൽ കണ്ടു. തുടർന്ന് സൗഹൃദം സ്ഥാപിച്ച് റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പെൺകുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തിരുന്നു. ഈ കൂട്ടുകാരി അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് 16കാരി പൊലീസിൽ പരാതിപ്പെട്ടു.
പ്രതിയുടെ മൊബൈൽഫോണുകളും ലാപ്‌ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
കളമശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ്ചെയ്തു. കളമശേരി ഇൻസ്‌പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ സി.ആർ. സിംഗ്, സി.പി.ഒമാരായ മാഹിൻ, ഷിബു എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.