crime

മൂവാറ്റുപുഴ: വാക്കുതർക്കത്തിനിടെ മാതൃസഹോദരിയുടെ മകനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച 46കാരൻ അറസ്റ്റിലായി. ഇടനെഞ്ചിന് വെടിയേറ്റ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ടെങ്കിലും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.

മൂവാറ്റുപഴ കടാതി സംഗമംപടി മംഗലത്തുവീട്ടിൽ നവീനാണ് (28) വെടിയേറ്റത്. അയൽവാസിയും ബന്ധുവുമായ ജുഗൽ കിഷോറാണ് (48) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഇരുവരും തമ്മിൽ വർഷങ്ങളായി സ്വരച്ചേർച്ചയിലല്ല. വഴക്കും പതിവാണ്. സംഭവദിവസം രാത്രിയിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടെ ജീപ്പിൽ നിന്ന് പിസ്റ്റളെടുത്ത് ജുഗൽ വെടി വയ്‌ക്കുകയായിരുന്നു. വെടിയുണ്ട നവീന്റെ വലതുനെഞ്ചിലൂടെ ചരിഞ്ഞ് കയറി വലതുകൈയിൽ തറച്ചു. വീണ്ടും വെടിവച്ചെങ്കിലും ലക്ഷ്യംതെറ്റി. ഓടിക്കൂടിയ നാട്ടുകാർ നവീനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആമസോൺ ‌ഡെലിവറി ബോയി ആണ് നവീൻ.

നവീന്റെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. പിസ്റ്റളും ജീപ്പും കസ്റ്റ‌ഡിയിലെടുത്തു.

റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജുഗലിന്റെ സഞ്ചാരം പിസ്റ്റളുമായി

പ്രവാസിയായിരുന്ന ജുഗൽ സാമ്പത്തിക പ്രശ്നം മൂലം 10 വർഷം മുമ്പ് മടങ്ങിയെത്തിയതാണ്. തിരിച്ചെത്തി ദിവസങ്ങൾക്കകം ജുഗലിനെ ക്വട്ടേഷൻസംഘം വീടുകയറി വടിവാൾ കൊണ്ട് ആക്രമിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജുഗൽ ഇക്കാര്യം കാട്ടിയാണ് തോക്ക് ലൈസൻസ് സംഘടിപ്പിച്ചത്. ആക്രമണം ഭയന്ന് എപ്പോഴും പിസ്റ്റൾ കൈയിൽ കരുതാറുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഒരു തോക്ക് വീട്ടിൽ ഒളിപ്പിച്ചതായും സൂചനയുണ്ട്.