ആലുവ: ആലുവയിലെ പ്രമുഖ കലാലയത്തിൽ വിദ്യാർത്ഥിനിയോട് അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന് പരാതി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
വ്യാഴാഴ്ചയാണ് ക്ളാസിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനിടെ ഇംഗ്ളീഷ് വകുപ്പ് അദ്ധ്യാപകൻ മോശമായി പെരുമാറിയെന്നാണ് ബിരുദ വിദ്യാർത്ഥിനിയുടെ പരാതി. ഇന്നലെ രാവിലെ പ്രിൻസിപ്പലിനും കോളേജ് കംപ്ളൈന്റ് സെല്ലിനും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾ ഉപരോധ സമരം നടത്തിയത്. കോളേജ് മാനേജ്മെന്റ് കമ്മിറ്റിക്ക് പരാതി കൈമാറാൻ തീരുമാനിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. നേരത്തെയും ഇതേ അദ്ധ്യാപകനെതിരെ സമാന പരാതിയുണ്ടായെന്ന് ആക്ഷേപമുണ്ട്. ഇടത് അനുകൂല അദ്ധ്യാപക സംഘടനയാണ് നടപടിയിൽ നിന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്.