അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളിൽ കെ.എസ്.ഐ.ഡി.സി നിക്ഷേപം നടത്തും
കൊച്ചി: റോബോട്ടിക്‌സ് മേഖലയിൽ കേരളത്തിന്റെ കുതിപ്പിന് വഴിയൊരുക്കാൻ അഞ്ചിന പരിപാടിയുമായി വ്യവസായ വകുപ്പ്. തൃശൂരിൽ റോബോട്ടിക്‌സ് പാർക്ക് പാർക്ക് സ്ഥാപിക്കാൻ സംരംഭകർ സമീപിച്ചിട്ടുണ്ടെന്ന് കൊച്ചിയിൽ നടന്ന റോബോട്ടിക്‌സ് റൗണ്ട് ടേബിളിന്റെ സമാപനച്ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു . വ്യവസായ പാർക്കിന്റെ പദവിയോടെ ആദ്യ റോബോട്ടിക്‌സ് പാർക്കായി ഇതിനെ രൂപപ്പെടുത്തും. മൂലധന നിക്ഷേപം അധികമായി ആവശ്യമുള്ള റോബോട്ടിക്‌സ് മേഖലയിൽ കമ്പനികളുടെ വളർച്ചക്കാവശ്യമായ ധനസഹായം വ്യവസായ വികസന കോർപ്പറേഷൻ(കെ.എസ്.ഐ. ഡി. സി) മുഖേന ഉറപ്പാക്കും. റോബോട്ടിക്‌സ് സ്റ്റാർട്ടപ്പുകളിൽ ഈ വർഷം അഞ്ച് കമ്പനികളിൽ കെ.എസ്. ഐ.ഡി.സി ഇക്വിറ്റി നിക്ഷേപം നടത്തും.
റോബോട്ടിക്‌സ് സംരംഭങ്ങളുടെ ദേശീയ അന്തർദേശീയ വിപണി ഉറപ്പാക്കുന്നതിന് ഓൺലൈൻ സൗകര്യമുൾപ്പെടെയുള്ള പിന്തുണ നൽകും. പുതിയ വ്യവസായ നയത്തിൽ പ്രഖ്യാപിച്ച 18 ഇൻസന്റീവുകളും റോബോട്ടിക്‌സ് സംരംഭങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.