പെരുമ്പാവൂർ: ഓടക്കാലി - നെടുങ്ങപ്ര റോഡിൽ പനിച്ചയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ടയോട്ട എത്തിയോസ് കാർ ഓടിച്ചിരുന്ന പുല്ലുവഴി സ്വദേശി എബി പോളിന് പൊള്ളലേറ്റു. ഇയാളെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെവൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് എതിർ വശത്തുനിന്ന് വന്ന വാഹനയാത്രക്കാരൻ പറയുമ്പോഴാണ് എബി അറിയുന്നത്. നിയന്ത്രണം വിട്ടതോടെ കാർ സമീപത്തുള്ള മതിലിൽ ഇടിച്ചുനിന്നു. പൊള്ളലേറ്റെങ്കിലും ഉടൻ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങിയതിനാൽ ജീവൻ രക്ഷിക്കാനായി. പെരുമ്പാവൂർ അഗ്നിശമന സേന വിഭാഗത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ, ബി.സി. ജോഷി എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്ഷാ പ്രവർത്തനത്തിൽ ഫയർ ഓഫീസർമാരായ കെ.എം. ഇബ്രാഹിം, സി.എ. നിഷാദ്, എം.കെ. മണികണ്ഠൻ, എം.എസ്. ശ്രീജിത്ത്, കെ.വി. റെജി എന്നിവർ പങ്കാളികളായി.