ambala
സി.പി ബാബു

അമ്പലപ്പുഴ : വിദേശരാജ്യങ്ങളിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തയാൾ പിടിയിലായി. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് 18ാം വാർഡിൽ ചിറങ്ങര വീട്ടിൽ സി.പി.ബാബുവിനെയാണ് (55) കുറുപ്പംപടിയിൽ നിന്ന് അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ആലുവ പാസ്പോർട്ട് ഓഫീസിന് സമീപം ഫ്ലൈ എൻ വേ എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഇടുക്കി ശാന്തൻപാറ സ്വദേശിനി സ്നേഹ എന്ന് വിളിക്കുന്ന റുഷീദ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. രണ്ടാം പ്രതിയാണ് ബാബു.

മാൾട്ടയിൽ ഡ്രൈവറായി ജോലിക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയായ യുവാവിൽ നിന്ന് പലപ്പോഴായി നാല് ലക്ഷത്തി നാല്പതിനായിരം രൂപ വാങ്ങിയിട്ടും വിസ നൽകിയില്ലെന്ന പരാതിയിലാണ് അറസ്റ്റ്. 2022 ജൂലായ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലാണ് ഇവർ പണം വാങ്ങിയത്. 2023 ഒക്ടോബറിൽ ട്രാവൽ ഏജൻസി പൂട്ടി മുങ്ങി.

നിരവധിപേരിൽ നിന്നും സമാനരീതിയിൽ ഇവർ പണം തട്ടിയിട്ടുള്ളതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു ബാബു. റുഷീദയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, മുഹമ്മദ് ഷഫീഖ്, സിവിൽ പൊലീസ് ഓഫീസർ സുബിൻ വർഗ്ഗീസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.