s

കൊച്ചി: വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയെ വിചാരണ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ്ഗോപി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.


പോണ്ടിച്ചേരിയിൽ 2009 മുതൽ വാടകവീടും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന തന്റെ പേരിലുള്ള കൃഷിഭൂമിയുമുണ്ടെന്നും സുരേഷ് ഗോപിയുടെ ഹർജിയിൽ പറയുന്നു. അവിടത്തെ രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ കേരളത്തിൽ തുടർച്ചയായി ഉപയോഗിച്ചിട്ടില്ല. കേരളത്തിൽ രജിസ്ട്രേഷൻ നടത്താത്തതിനാൽ 3.60 ലക്ഷംരൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്നാണ് കേസ്.

ഒരു മാസത്തിലേറെ ഉപയോഗിച്ചാൽ മാത്രമേ പോണ്ടിച്ചേരിയിൽ രജിസ്റ്റർചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി ഈടാക്കാനാവൂ. മേൽവിലാസം കേരളത്തിലായതുകൊണ്ട് ഇവിടെ നികുതി അടയ്ക്കണമെന്ന വാദം നിയമവിരുദ്ധമാണ്. വാഹനത്തിന്റെ ഉപയോഗമാണ്,​ ഉടമയുടെ മേൽവിലാസമല്ല നികുതിക്ക് അടിസ്ഥാനമെന്നും ഹർജിയിൽ പറയുന്നു.