കൊച്ചി: പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ ദേശീയ ബഹിരാകാശ ദിനം വിപുലമായി ആഘോഷിച്ചു. ചന്ദ്രയാൻ ഒന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മറ്റു ഗ്രഹങ്ങളിലേക്കുള്ള യാത്രയിലൂടെ പ്രപഞ്ചത്തെപ്പറ്റി പഠിക്കാനുള്ള വലിയ അവസരങ്ങൾ പുതിയ തലമുറയ്ക്ക് തുറക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിൽ രാജ്യം വലിയ ഒരു കുതിച്ചുചാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനും തിരികെ കൊണ്ടുവരാനും നമുക്ക് കഴിയും. ഇന്ത്യൻ സ്‌പേസ് സ്റ്റേഷൻ എന്ന അതിവിദൂരമല്ലാത്ത ലക്ഷ്യവും, ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകാനും രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലേക്ക് യുവജനങ്ങൾ കടക്കേണ്ടതിന്റെ ആവശ്യകത വളരെ വർദ്ധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ശാസ്ത്ര അവബോധ പരിപാടികൾ, ശാസ്ത്ര സെമിനാർ, ശാസ്ത്ര ക്വിസ്, ശാസ്ത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾക്കും വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ചടങ്ങിൽ ഫൗണ്ടേഷന്റെ സയൻസ് പ്രമോഷൻ ഓറിയന്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത്, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.