മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ലഹരി മരുന്ന് വില്പന ശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി ബസാർറോഡിൽ കെ.ടി. ഷമീർ (34), ഗുജറാത്തി റോഡിന് സമീപം മനു മഹേന്ദ്രൻ (24) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എം.ഡി.എം.എ വാങ്ങി ആർക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയാണ് ലഹരി എത്തിച്ചിരുന്നത്. മട്ടാഞ്ചേരി സ്റ്റേഷനിലെ ലഹരിമരുന്ന് കേസിലെ ഒന്നാംപ്രതി മനു മഹേന്ദ്രന്റെ മട്ടാഞ്ചേരിയിലുള്ള വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 3.64 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. മനുവിന് മയക്കുമരുന്നെത്തിച്ചവരെക്കുറിച്ചുള്ള തുടരന്വേഷണത്തിലാണ് മട്ടാഞ്ചേരിയിലെ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണിയായ ഷമീറിലേക്ക് എത്തിച്ചേർന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.12 ഗ്രാം എം.ഡി.എം.എയും 2,16,590 രൂപയും പൊലീസ് കണ്ടെത്തു.
എസ്.ഐമാരായ മധുസൂദനൻ കെ.പി, സന്തോഷ് കെ.ഡി, നാരായണൻ കുട്ടി, എ.എസ്.ഐമാരായ ബിജി, ചിത്ര, സീനിയർ സി.പി.ഒ എഡ്വിൻ റോസ്, സുനിൽകുമാർ പി.കെ, ബൈജുമോൻ സി.പി.ഒമാരായ ബേബിലാൽ, വിനോദ്, സജിത്‌മോൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.