
കോതമംഗലം: നഗരത്തിൽ ബസുകളുടെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ ദുരിതത്തിലായി. ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷമാണ് സമരത്തിന് കാരണം. സമരക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. 12 പേരെ കസ്റ്റഡിയിൽ എടുത്തു.വ്യാഴാഴ്ച വൈകിട്ട് കോതമംഗലത്ത് നിന്ന് തൊടുപുഴയിലേക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ മൂവാറ്റുപുഴയിൽ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ ഇന്നലെ രാവിലെ സംഘർഷം ഉടലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.പോലീസ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സർവീസ് നടത്തുന്ന ബസുകൾക്ക് സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു. സർവീസിനെത്തിയ ബസ് തടഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്.