കൊച്ചി: എറണാകുളം മുനമ്പം കേന്ദ്രീകരിച്ച് വീണ്ടും മനുഷ്യക്കടത്തിന് ശ്രമമെന്ന സംശയത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 അംഗ തമിഴ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെറായിയിലെ ഒരു റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന
ഇവരെ വിവിധ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. ഡൽഹിയിൽ താമസിക്കുന്ന ഇവർ മുനമ്പത്ത് നിന്ന് ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ എത്തിയവരെന്നാണ് സംശയിക്കുന്നത്.
ദക്ഷിണ കേരളത്തിലെ ക്ഷേത്ര ദർശനവുമായി എത്തിയതാണെന്നാണ് ഇവരുടെ മൊഴി. മൂന്ന് ദിവസം മുമ്പാണ് സംഘം ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയത്. നേരത്തെ ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടന്നവരിൽ ചിലർ ബന്ധുക്കളാണെന്ന തരത്തിലുള്ള ഇവരുടെ സംസാരത്തിൽ സംശയം തോന്നി റിസോർട്ട് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എ.ബി, എൻ.ഐ.എ, തമിഴ്‌നാട് പോലീസ്, ക്യൂ ബ്രാഞ്ച് പൊലീസ് തുടങ്ങിയ വിവിധ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഘാംഗങ്ങളെ ഒറ്റയ്ക്കായും അല്ലാതെയുമായാണ് ചോദ്യംചെയ്യുന്നത്. ഇവരുടെ ബാഗുകളും ഫോണുകളും പരിശോധിച്ചെങ്കിലും മനുഷ്യക്കടത്തെന്ന് ഉറപ്പിക്കാനുള്ള തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അഞ്ചു വർഷങ്ങൾക്ക് മുൻപ് ചെറായിയിൽ താമസിച്ച് മാല്യങ്കരയിൽ നിന്ന് ബോട്ടു മാർഗം ഓസ്‌ട്രേലിയയിലേക്ക് കടന്നവരിൽ ഒരാൾ ഇവരിൽ ചിലരുടെ ബന്ധുവാണെന്ന സൂചന മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
2019 ജനുവരി 12ന് പുലർച്ചെ മുനമ്പം ഹാർബറിൽ നിന്ന് ദയാ മാത എന്ന മത്സ്യബന്ധന ബോട്ടിലായിരുന്നു കേരളം ഞെട്ടിയ മനുഷ്യക്കടത്ത് നടന്നത്. ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരും തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ അംബേദ്കർ കോളനിയിലുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മാല്യങ്കര കടവിൽ ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തെന്ന കാര്യം സ്ഥിരീകരിച്ചത്.