കൊച്ചി: കൈവെട്ട് കേസിലെ മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിവിൽ കഴിയാൻ ഒത്താശ ചെയ്തയാൾ റിമാൻഡിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കണ്ണൂർ വള്ളക്കോട് സ്വദേശി സഫീറാണ് (33) അറസ്റ്റിലായത്. കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 26വരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാളെ തലശേരി കോടതിവളപ്പിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത്. കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി 29ന് പരിഗണിക്കും. 2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവിൽ പോയ സവാദ് 13 വർഷത്തോളം ഷാജഹാൻ എന്ന പേരിലാണ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത്. മറ്റ് പ്രതികൾ പിടിയിലായപ്പോഴും സവാദിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ജനുവരിയിലാണ് സവാദ് പിടിയിലായത്.