കൊച്ചി: തിരക്കേറിയ വഴിയരികിൽ അടിത്തറ പൊളിഞ്ഞ പത്തടി ഉയരമുള്ള മതിലിൽചാരി തകർന്നുവീണകെട്ടിടം നിൽക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. പരാതികൾ കിട്ടിയിട്ടും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനങ്ങിയിട്ടില്ല. പൊളിച്ചുമാറ്റാൻ ചുമതലപ്പെട്ട കൊച്ചി കോർപ്പറേഷന്റെ നടപടി ഫയലിൽ തട്ടി തടസപ്പെട്ടുകിടക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ ഇടപ്പള്ളി ടി.ടി.ഐയിലെ കെട്ടിടവും മതിലുമാണ് ജനങ്ങൾക്ക് ഭീഷണിയായി നിലകൊള്ളുന്നത്. അപകടം ഭയന്ന് ടി.ടി.ഐ അധികൃതർ ഉറക്കമില്ലാത്ത അവസ്ഥയിലാണ്.
ചങ്ങമ്പുഴ പാർക്കിന് പിന്നിൽ തിരക്കേറിയ ദേവൻകുളങ്ങര ജംഗ്ഷനിലാണ് ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴാവുന്ന നിലയിൽ 'വൻമതിൽ" അപകട ഭീഷണി ഉയർത്തുന്നത്. ദൗർഭാഗ്യത്തിന് മതിലും കെട്ടിടവും തിരക്കേറിയ റോഡിലേക്ക് വീണ് ആർക്കെങ്കിലും ദുരന്തം ഉണ്ടായാലേ ജില്ലയിലെ ദുരന്തനിവാരണ വിഭാഗവും കോർപ്പറേഷനും മിഴി തുറക്കൂ എന്നതാണ് സ്ഥിതി.
കാടുകയറി മൂടിയ അരനൂറ്റാണ്ടോളം പഴക്കമുള്ള ഉപേക്ഷിക്കപ്പെട്ട ഓടിട്ടകെട്ടിടം ജൂലായ് 25ന് പെയ്ത കനത്തമഴയിൽ തകർന്ന് വീഴുകയായിരുന്നു. അന്ന് റോഡിലേക്ക് തെറിച്ച കെട്ടിടഭാഗം സ്കൂട്ടർ യാത്രക്കാരന്റെ ഹെൽമെറ്റിൽ തട്ടിയെങ്കിലും ഭാഗ്യത്തിന് പരിക്കൊന്നുമുണ്ടായില്ല.
എന്താണ് തടസം.
1. വിദ്യാഭ്യാസ വകുപ്പിന്റേതാണ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും ഇപ്പോൾ കോർപ്പറേഷനാണ് ആസ്തിചുമതല. പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന കെട്ടിടം വീണശേഷവും കെട്ടിടം അൺഫിറ്റാണെന്നുണ്ടെങ്കിലേ പൊളിക്കാൻ അനുമതി ലഭിക്കൂ. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ദിവസങ്ങളോളം പിന്നാലെ നടന്ന ശേഷമാണ് രണ്ട് ആഴ്ചയ്ക്കുശേഷം കോർപ്പറേഷൻ എക്സിക്യുട്ടീവ് എൻജിനിയർ കെട്ടിടത്തിന് അൺഫിറ്റ് സർട്ടിക്കിഫറ്റ് നൽകിയത്.
2. ടെൻഡർ ഇല്ലാതെ പൊളിച്ചുനീക്കാനാവില്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ സെക്രട്ടറി ഇടപ്പള്ളി മേഖലാ ഓഫീസിന്റെ ഫയൽ മടക്കി. ഇപ്പോൾ ടെൻഡർ വിളിക്കാൻ അനുമതിയായിട്ടുണ്ട്. നടപടി ക്രമങ്ങളെല്ലാം കഴിഞ്ഞ് കരാർ ഉറപ്പിച്ച് കഴിയുംവരെ അപകടമൊന്നുമുണ്ടായില്ലെങ്കിൽ നാട്ടുകാരുടെ ഭാഗ്യം.
3. ദുരന്തനിവാരണ അതോറിറ്റിക്ക് നേരിട്ട് ഇടപെട്ട് പൊളിച്ചുമാറ്റാമെങ്കിലും പരാതികൾ കിട്ടിയിട്ടും കാര്യക്ഷമതമൂലം ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലയും സാങ്കേതികത്വവും പറഞ്ഞ് കളിക്കുകയാണ് ഉദ്യോഗസ്ഥർ. ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ചിലപ്പോൾ വലിയ ദുരന്തത്തിന് കാരണമാകും.
പയസ് ജോസഫ്
കൗൺസിലർ