y
ഇരുമ്പനം ശ്മശാനം

തൃപ്പൂണിത്തുറ: ഇരുമ്പനം ശ്മശാനത്തിൽ നടത്തുന്ന എം.സി.എഫ് നിർമ്മാണത്തിൽനിന്ന് ജനവികാരം മാനിച്ച് നഗരസഭ പിന്മാറണമെന്ന് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയസമിതി ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസിൽ അന്തിമ തീർപ്പാകുന്നതുവരെ തീരുമാനം മാറ്റിവയ്ക്കണം. ജനങ്ങളുടെ ആവലാതികളിൽ പരിഹാരം ഉണ്ടാക്കുകയാണ് ഭരണസമിതി ആദ്യം ചെയ്യേണ്ടതെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജിത്കുമാർ പറഞ്ഞു.

ശ്മശാനത്തിനായി മാത്രം ഉപയോഗപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് നഗരസഭയ്ക്ക് ഭൂമി കൈമാറിയത്. എം.സി.എഫ് നിർമ്മാണത്തിനായി നഗരസഭയിൽ കക്ഷിനേതാക്കൾ ഉൾപ്പെടുന്ന കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ള സ്ഥലങ്ങൾ വിലയ്ക്ക് വാങ്ങുകയോ ദീർഘകാല പാട്ടത്തിന് എടുക്കുകയോ ചെയ്ത് ജന താത്പര്യത്തോടൊപ്പം നിൽക്കാൻ ഭരണസമിതി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സമീർ ശ്രീകുമാർ, പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, കൗൺസിലർമാരായ വള്ളി രവി, രൂപ രാജു, ഐശ്വര്യനഗർ റെസി. അസോസിയേഷൻ പ്രതിനിധി സതീഷ്ബാബു എന്നിവർ ഇരുമ്പനം ശ്മശാനം സന്ദർശിച്ച് വസ്തുതകൾ വിലയിരുത്തി.