കൊച്ചി: കേരളത്തിന് പുറത്തെ സർവകലാശാലകളിൽ പഠിക്കുന്ന മക്കൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായെന്ന് വിശ്വസിപ്പിച്ച് മാതാപിതാക്കളെ മാസികമായി തളർത്തി പണം തട്ടൽ വ്യാപകം. വ്യാജ അറസ്റ്റ് വിശ്വസിച്ച് മക്കളെ രക്ഷിക്കാൻ 10,000 രൂപ മുതൽ 10 ലക്ഷം നൽകിയവർ വരെയുണ്ട്. ചുരുങ്ങിയ ദിവസത്തിനകം നിരവധി പരാതികളാണ് പൊലീസിന് മുന്നിൽ എത്തിയിട്ടുള്ളത്.
സി.ബി.ഐ ചമഞ്ഞുള്ള 'കള്ളപ്പണക്കേസിലും ലഹരിക്കൊറിയറിലും' പൊലീസ് ബോധവത്കരണം ശക്തമാക്കിയതോടെയാണ് ഉത്തരേന്ത്യൻ സംഘം പുതിയ അടവിലേക്ക് തിരിഞ്ഞത്. സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
കഴിഞ്ഞദിവസം കണ്ണൂർ സ്വദേശിയിൽ നിന്നും സംഘം പണം തട്ടാൻ ശ്രമിച്ചിരുന്നു. യുക്തിപൂർവം ഇടപെട്ട മുൻ സൈനികൻ തട്ടിപ്പുകാരെ മുട്ടുകുത്തിച്ചു. വാട്‌സ്ആപ്പ് കോളിലൂടെ സി.ബി.ഐ ഉദ്യോഗസ്ഥൻ വിക്രമെന്ന് പരിചയപ്പെടുത്തിയ ഇയാൾ, മകന്റെ പേരും കോളേജും മറ്റും വിശദീകരിച്ചു. ആദ്യം വിശ്വസിച്ചെങ്കിലും തട്ടിപ്പായിരിക്കുമോയെന്ന ഒരു നിമിഷത്തെ ചിന്തയാണ് കെണിയിൽ നിന്ന് രക്ഷപെടാൻ സഹായിച്ചതെന്ന് കണ്ണൂർ സ്വദേശി കേരളകൗമുദിയോട് പറഞ്ഞു. സുഹൃത്തായ പൊലീസുകാരനെ വിളിച്ച് നടന്ന സംഭവം വിവരിച്ചപ്പോഴാണ് പുതിയ തട്ടിപ്പാണെന്ന് അറിഞ്ഞത്.
പൊലീസെന്ന് കേട്ടപ്പോ സി.ബി.ഐ പതറി
കോൾ മ്യൂട്ട് ചെയ്ത ശേഷം അൺമ്യൂട്ടാക്കിയാണ് കണ്ണൂർ സ്വദേശി തട്ടിപ്പുകാരന് പണികൊടുത്തത്. എന്തിനാണ് കാൾ മ്യൂട്ട് ചെയ്‌തെന്ന ചോദ്യത്തിന് പൊലീസ് സ്റ്റേഷനുമായി കണക്ട് ചെയ്യുകയായിരുന്നെന്ന് മറുപടി നൽകി. ഇതോടെ സി.ബി.ഐ ഉദ്യോഗസ്ഥൻ പരുങ്ങി. തുടർന്ന് രൂക്ഷമായ ഭാഷയിൽ ഭീഷണിപ്പെടുത്തിയശേഷം ഫോൺ കട്ട് ചെയ്ത് സ്ഥലംവിട്ടു. തിരികെ വിളിച്ചെങ്കിലും നമ്പർ ബ്ലോക്കായിരുന്നു.
തട്ടിപ്പ് കോൾ ഇങ്ങിനെ
• തട്ടിപ്പുകാരൻ: താങ്കൾ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അനുവിന്റെ (യഥാർത്ഥ പേരല്ല) പിതാവല്ലേ.
• പിതാവ് : അതെ
• തട്ടിപ്പുകാരൻ: സി.ബി.ഐ ഇൻസ്‌പെക്ടറാണ് വിളിക്കുന്നത്. ഹിന്ദിയാണോ ഇംഗ്ലീഷാണോ സംസാരിക്കാൻ നല്ലത്
• പിതാവ്: എന്തായാലും കുഴപ്പമില്ല
• തട്ടിപ്പുകാരൻ: ഒരു ഗൗരവമേറിയ കാര്യം പറയനാണ് വിളിക്കുന്നത്. താങ്കളുടെ മകൻ അനുവും
കൂട്ടുകാരും വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലല്ലേ മകൻ പഠിക്കുന്നത്
• പിതാവ്: അതേ
• തട്ടിപ്പുകാരൻ: ചെറിയ കേസുകളൊന്നും തങ്ങൾ മുഖവിലയ്ക്ക് എടുക്കാറുള്ളതല്ല. ഇത് വലിയ അളിവിലുള്ളതാണ്. നടപടി സ്വീകരിക്കാതിരിക്കാൻ കഴിയില്ല. അനു നിരപരാധിയാണെന്ന് ബോദ്ധ്യമുണ്ട്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കും മുമ്പ് കാര്യഗൗരവം രക്ഷിതാവിനെ അറിയിക്കാനാണ് വിളിച്ചത്. രാജ്യദ്രോഹക്കുറ്റമാണിത്. എന്താണ് ചെയ്യേണ്ടത്.
• പിതാവ്: മകൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവനെ വിട്ടയക്കുക.രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെങ്കിൽ ശിക്ഷകൊടുക്കുക.
• തട്ടിപ്പുകാരൻ: നിരപരാധിയാണെന്ന് ബോദ്ധ്യമുള്ളത് കൊണ്ട് വിട്ടയക്കാം. മറ്റാരും അറിയുന്നതിന് മുമ്പ് കൈകാര്യം ചെയ്യുന്നതാണ് നല്ലത്. ചില പ്രോസസിംഗ് ഇടപാടുകളുള്ളതുകൊണ്ട് കുറച്ച് പണം അടയ്‌ക്കേണ്ടിവരും. എത്രയും വേഗം പണം അയച്ചുതരിക. മാദ്ധ്യമങ്ങൾ അറിഞ്ഞാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല
വിവരങ്ങൾ തട്ടിപ്പുകാർക്ക് എങ്ങിനെ ലഭിക്കുവെന്നത് ആശ്ചര്യപ്പെടുത്തുന്നു. അമ്മമാരാണ് ഇത്തരം കോളുകൾ എടുക്കുന്നതെങ്കിൽ തളർന്നുപോകും. സമഗ്രമായ അന്വേഷണം ആവശ്യമാണ്. വിവരങ്ങൾ സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്
ഉമാ മഹേശ്വരൻ
പരാതിക്കാരൻ