#നഗരസഭക്ക് അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ
# അനധികൃതമായി കരാറെടുത്തയാൾ സ്ഥലം തട്ടുകടക്കും ലോട്ടറി കച്ചവടത്തിനും മറിച്ചുനൽകി
#പിന്നിൽ നഗരസഭയിലെ ചില ഭരണപക്ഷ കൗൺസിലർമാരും
#ബി.ജെ.പിയുടെ നേതൃത്വത്തിൽ നിയമനടപടിയും പ്രതിഷേധവും
ആലുവ: ദേശീയപാതയിൽ ആലുവ മാർക്കറ്റ് മേൽപ്പാലത്തിന് താഴെ പേ ആൻഡ് പാർക്ക് തുടങ്ങുന്നതിന് ദേശീയപാത അതോറിട്ടി അനുമതി നൽകിയെന്ന നഗരസഭയുടെ അവകാശവാദം പൊള്ളയാണെന്ന് വിവരാവകാശ രേഖ. ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പത്മകുമാറിന് ദേശീയപാത അതോറിട്ടിയുടെ പാലക്കാട് ഡിവിഷൻ ഓഫീസ്, ആലുവ നഗരസഭ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരമാണ് രണ്ട് വർഷത്തോളമായി തുടരുന്ന സംവിധാനം അനധികൃതമാണെന്ന് വ്യക്തമായത്.
മേൽപ്പാലത്തിനടിയിൽ സാമൂഹിക വിരുദ്ധ ശല്യവുമേറിയെന്ന പരാതിക്ക് പിന്നാലെയാണ് ദേശീയപാത അതോറിട്ടിയുടെ അനുമതിയോടെയെന്ന് അവകാശപ്പെട്ട് നഗരസഭ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷം 6.60 ലക്ഷം രൂപയ്ക്കാണ് വെളിയത്തുനാട് സ്വദേശിനി കരാറെടുത്തത്. ഇവർ തന്നെയാണ് മറ്റൊരു പേരിൽ നേരത്തെയും കരാർ എടുത്തിരുന്നത്.
കരാറെടുത്തവർ സ്ഥലം തട്ടുകടകൾക്കും ലോട്ടറി, പഴക്കടകൾക്കും മറിച്ചുനൽകിയിരിക്കുകയാണ്. നഗരസഭയിൽ അടച്ച തുകയുടെ ഇരട്ടിയിലേറെ ഇത്തരക്കാരിൽ നിന്നുമാത്രം കരാറുകാർ സമ്പാദിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ എന്നീ വാഹനങ്ങൾ മാത്രമേ പാർക്കിംഗ് അനുവദിക്കാവൂവെന്ന് നിബന്ധനയുണ്ടെങ്കിലും ഇതും ലംഘിക്കുകയാണ്. പാർക്കിംഗ് ഏരിയയുടെ പ്രവേശനകവാടത്തിൽ നഗരസഭാ സ്ഥാപിച്ച ബാരിക്കേഡ് തകർത്താണ് വലിയ വാഹനങ്ങൾക്ക് പ്രവേശിപ്പിക്കുന്നത്. പാർക്കിംഗ് ഫീസ് രേഖപ്പെടുത്തിയ ബോർഡുകൾ മറച്ചു. പാർക്കിംഗ് ഏരിയയുടെ ചുറ്റും സൗന്ദര്യവത്കരിക്കണമെന്ന് നിർദ്ദേശവും പാലിച്ചില്ല.
കൗൺസിലിനെ തെറ്റ്ദ്ധരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കും: ബി.ജെ.പി
മേൽപ്പാലത്തിനടിയിൽ പേ ആൻഡ് പാർക്ക് തുടങ്ങാൻ ദേശീയപാത അതോറിട്ടി അനുമതി നൽകിയെന്ന് നഗരസഭ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച ചെയർമാൻ എം.ഒ. ജോണിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറും നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്തും പറഞ്ഞു.
അനധികൃത കച്ചവടത്തിനെതിരെ പരാതി നൽകിയിട്ടും നഗരസഭ നടപടിയെടുത്തില്ല. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീൽ നൽകിയിരിക്കുകയാണ്.
അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും
ദേശീയപാതയിൽ മേൽപ്പാലത്തിനടിയിലും പുളിഞ്ചോട് മുതൽ പറവൂർക്കവല വരെയുള്ള ഭാഗങ്ങളിലെ സർവീസ് റോഡുകളിലെയും അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ ട്രാഫിക് റെഗുലേറ്ററി തീരുമാനിച്ചു. ദേശീയപാത അധികൃതരാണ് ആവശ്യം മുന്നോട്ടു വെച്ചത്. പല സ്ഥാപനങ്ങൾക്കും കാർഡുകൾ കൊടുത്തിട്ടുള്ളതിനാൽ നഗരസഭയാണ് ഒഴിപ്പിക്കേണ്ടത്. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം.