കിഴക്കമ്പലം: പാടത്ത് പണിയേണ്ട ട്രാക്ടറുകൾ കിഴക്കമ്പലം പഞ്ചായത്ത് വളപ്പിൽ സുഖനിദ്റയിൽ. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകേണ്ട രണ്ട് ട്രാക്ടറുകളാണ് കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ് വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നത്. കൃഷി വകുപ്പിന്റെ ട്രാക്ടറുകൾ ഇവിടെ അറ്റകുറ്റപ്പണികൾക്കായി കയറ്റി ഇട്ടതാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. നാളിതു വരെയായിട്ടും പണികൾ പൂർത്തിയാക്കാത്തതിനാൽ ഇവയെ പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് വർഷമായി പഞ്ചായത്ത് വളപ്പിൽ മഴയും വെയിലുമേറ്റ് ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടറുകൾ തുരുമ്പെടുത്ത് നശിച്ച് തുടങ്ങി. കാർഷിക മേഖലയ്ക്ക് ഏറെ മുൻഗണന നൽകുന്ന പഞ്ചായത്തിലെ വിവിധ പാടശേഖര സമിതികൾക്ക് പഞ്ചായത്ത് ട്രാക്ടറുകൾ വിട്ടുനൽകാറുണ്ട്. എന്നാൽ കേടുപാട് സംഭവിച്ച ശേഷം ഇവയുടെ അറ്റകുറ്റപണി നടത്തി പിന്നീട് പുറത്തിറക്കാനായിട്ടില്ല. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങൾക്ക് സമീപം സമാന രീതിയിൽ ഒട്ടേറെ ടില്ലറുകളും ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗപ്രദമാക്കി കർഷകർക്ക് വിട്ടു നൽകണമെന്നാണ് ആവശ്യം.
അറ്റകുറ്റപ്പണി നടത്തി കർഷകർക്ക് നൽകണം
വിവിധ പാടശേഖര സമിതികൾക്ക് നൽകിയ കാർഷിക ഉപകരണങ്ങളെല്ലാം കേടുപാട് സംഭവിച്ച നിലയിലാണ്. വേണ്ട സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഒട്ടേറെ പാടശേഖരങ്ങളിൽ ടില്ലറുകളും ഉപയോഗ ശൂന്യമായിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി കർഷകർക്ക് വിട്ടു കൊടുക്കണമെന്ന് തീരുമാനം എടുത്തിട്ടുള്ളതാണ്. വൈകാതെ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷകർ പറയുന്നു.