മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വിസ്തൃതവും കൂടുതൽ ജനസംഖ്യയുമുളള പായിപ്ര ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് എതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാർ പ്രതീക്ഷയിൽ. സി.പി.എം നേതൃത്വം കൂടി കമ്പനികൾക്കെതിരെ രംഗത്തെത്തിയതോടെ തങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നിരവധി ജനകീയ സമരം നടന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുക്കാതെ പഞ്ചായത്തിൽ നിരവധി പ്ലൈവുഡ് കമ്പനികൾക്കാണ് അധികൃതർ അനുമതി നൽകിയത്. ഒടുവിൽ ഇനിയൊരു പ്ലൈവുഡ് കമ്പനിയും പഞ്ചായത്തിൽ തുറക്കാൻ അനുവദിക്കില്ലന്ന് സി.പി.എം നിലപാട് സ്വീകരിച്ചത് പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്. ഇത് സംബന്ധിച്ച് പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ മുഖ്യമന്ത്രി, ജില്ല കലക്ടർ അടക്കമുളളവർക്ക് പരാതി നൽകി. പുതിയ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകരുതെന്നും നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവ ഉണ്ടാക്കുന്ന പാരിസ്ഥിതിക - സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പരാതിയിലുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളാണ് കമ്പനി ജീവനക്കാരിൽ ഏറെയും. ഇവരുടെ പാർപ്പിട ക്യാമ്പുകളിൽ നിന്നുളള ശുചി മുറി മാലിന്യം അടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കുന്നു. അധിക ഭാരം കയറ്റി വരുന്ന ടോറസ് അടക്കമുളള വാഹനങ്ങൾ തലങ്ങും വിലങ്ങും പായാൻ തുടങ്ങിയതോടെ റോഡുകൾ തകർന്ന് സഞ്ചാര യോഗ്യമല്ലാതായി തീർന്നു.
വാഹനങ്ങളുടെ ബാഹുല്യവും രാത്രി കാലങ്ങളിലെ തർക്കങ്ങളുംവർദ്ധിച്ച് വരുന്ന വാഹന അപകടങ്ങളും പെർമിറ്റ് മറികടന്നുളള അനധികൃത നിർമാണവും പ്രദേശ വാസികളുടെ സ്വൈര്യ ജീവിതം നഷ്ടമാക്കി. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത വിധമാണ് പല കമ്പനികളും നിർമ്മിച്ചിരിക്കുന്നത്.
പായിപ്ര പഞ്ചായത്ത് പ്ലൈവുഡ് കമ്പനികളുടെ പറുദീസ
നിലവിലെ കമ്പനികളും പുതിയ കെട്ടിട നിർമാണ അനുമതി വാങ്ങിയ കമ്പനികളും ഭൂരിഭാഗവുമുള്ളത്
1, 2, 13, 17 വാർഡുകളിൽ
ഏറ്റവും ദുരിതം അനുഭവിക്കുന്ന ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നത് 18 കമ്പനികൾ
ഒരു കാലത്ത് ഒന്നാം വാർഡിൽ പ്രവർത്തിച്ചിരുന്നത് ഇരുപതിലധികം കരിങ്കൽ ക്വാറികൾ വാർഡിന്റെ മൂന്നിലൊന്ന് പ്രദേശവും ആഴത്തിലുള്ള പാറക്കുഴികളാൽ നിറഞ്ഞിരിക്കുന്നു പ്ലൈവുഡ് കമ്പനികൾ സ്ഥലം വാങ്ങിയിരിക്കുന്നത് കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ബാക്കി പ്രദേശത്ത് ഒരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കാതെ മലഞ്ചെരുവുകൾ ഇടിച്ച് നിരത്തിയാണ് നിർമാണ പ്രവർത്തനം കമ്പനികളുടെ പ്രവർത്തനം ഭൂപ്രദേശത്തിന്റെ സ്വാഭാവിക, പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവ ജീവിതത്തേയും തകർത്തുകഴിഞ്ഞു