അങ്കമാലി: പത്തു മാസങ്ങൾക്കു ശേഷം അങ്കമാലി അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു. ടാറിംഗ് ജോലികൾ പൂർത്തിയായില്ലെങ്കിലും അടിപ്പാത തുറന്നുകൊടുക്കുകയായിരുന്നു. റോഡിൽ മെറ്റൽ വിരിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. ടാറിംഗ് എന്ന് നടക്കുമെന്ന് വ്യക്തമല്ല. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെങ്കിൽ എസ്റ്റിമേറ്റ് പുതുക്കണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ നിലപാട്. അടിപ്പാത പൂർണമായി നിർമിക്കാതെ പാതിവഴിയാക്കിയതിൽ അഴിമതി ആരോപിച്ചു വിജിലൻസിനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. അടിപ്പാതയിലൂടെ സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കഴിഞ്ഞ ദിവസം മുതൽ കടന്നുപോകുന്നുണ്ട്. ഇതോടെ പത്തു മാസമായുള്ള ജനങ്ങളുടെ യാത്രാ ദുരിതത്തിനാണ് താത്കാലിക പരിഹാരമായത്. നേരത്തെ ഈ അടിപ്പാതയിലൂടെ ബൈക്കുകൾ മാത്രമായിരുന്നു കടത്തി വിട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാൽ നിർമാണം നീണ്ടു പോവുകയായിരുന്നു. ഗർഡർ താഴേക്ക് ഇരിക്കുകയും മണ്ണിടിയുകയും ചെയ്തതിനെ തുടർന്നു കുറച്ചുനാൾ നിർമാണം നിർത്തിവച്ചിരുന്നു. ഇതിനിടയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി അടിപ്പാത ഉദ്ഘാടനം ചെയ്തെങ്കിലും കാൽനടക്കാർക്കു പോവും സഞ്ചരിക്കാൻ പറ്റാത്ത അവസ്‌ഥയിലായിരുന്നു.
അങ്കമാലിയിൽ നിന്ന് വരുമ്പോൾ റെയിൽ കഴിഞ്ഞുള്ള ഇടതുവശത്ത് സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ വൻവെള്ളക്കെട്ട് ഉണ്ടാകുമെന്ന് നാട്ടുകാർ റെയിൽവേ ഉദ്യാഗസ്ഥരുടെ അലംഭാവത്താലാണ് സംരക്ഷണഭിത്തി നിർമിക്കാത്തതെന്ന് നാട്ടുകാരുടെ ആരോപണം വെള്ളംകെട്ടുന്നതിനാൽ ഉറവയുണ്ടായി റോഡിലെ മെറ്റലും മറ്റും താഴ്ന്നുപോകാനുള്ള സാദ്ധ്യതയേറെയെന്നും നാട്ടുകാർ റോഡ് കോൺക്രീറ്റ് ചെയ്തില്ലെങ്കിൽ മഴക്കാലത്ത് അടിപ്പാത ഉപയോഗിക്കാനാവില്ലെന്നും നാട്ടുകാരുടെ മുന്നറിയിപ്പ്