കൊച്ചി: കോലഞ്ചേരി മേഖലയിലെ ഓർത്തഡോക്സ് വിശ്വാസികൾ തമ്മിലടി തുടങ്ങി. മലങ്കരയിലെ യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ നൂറ്റാണ്ടുപിന്നിട്ട തർക്കത്തിനിടെ ഓർത്തഡോക്സ് വിഭാഗത്തിലെ അന്ത:ഛിദ്രം മറുവിഭാഗത്തിൽ സന്തോഷം പകർന്നിട്ടുണ്ട്. യാക്കോബായക്കാരുടെ കൈവശത്തിലുള്ള പള്ളികളും സ്വത്തുക്കളും സുപ്രീംകോടതി വിധിപ്രകാരം ഓർത്തഡോക്സുകാർ കൈയടക്കുന്ന പശ്ചാത്തലത്തിൽ പുതിയ സംഭവവികാസം സഭാതർക്കത്തിന് പുതിയ മാനം നൽകും. ഓർത്തഡോക്സ് പക്ഷത്തെ നിയന്ത്രിക്കുന്ന സമ്പന്ന വിഭാഗത്തിനെതിരായ സാധാരണ വിശ്വാസികളുടെ പടയൊരുക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.
ഓർത്തഡോക്സ് വൈദികനെതിരെ മെത്രാപ്പോലീത്തയ്ക്ക് മൊഴി നൽകാനെത്തിയ വിശ്വാസിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവ മാദ്ധ്യമങ്ങൾ വൈറലായതോടെയാണ് പോരിന്റെ ഗൗരവും പുറംലോകം അറിഞ്ഞത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ വൈദികനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
ഓർത്തഡോക്‌സ് സഭയിലെ മുൻകാല പ്രമുഖന്റെ മകനെയാണ് വൈദികനെ അനുകൂലിക്കുന്നവർ പള്ളിക്കുള്ളിലിട്ട് മർദ്ദിച്ച് പുറത്തേക്കെറിഞ്ഞത്. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചത്. നിലവിലുള്ള വൈദികൻ രണ്ട് പതിറ്റാണ്ടോളമായി സ്ഥാനത്ത് തുടരുകയാണെന്നും ഇത് സഭാ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം.
സഭാ നേതൃത്വത്തിന് ഓർത്തഡോക്സിലെ ഒരു വിഭാഗം നൽകിയ പരാതിയെ കുറിച്ചന്വേഷിക്കുവാനും റിപ്പോർട്ട് തയ്യാറാക്കാനും സഭാ നേതൃത്വം മുൻ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്തയെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം കോലഞ്ചേരി പള്ളിയിലെത്തി വിശ്വാസികളിൽ നിന്ന് മൊഴി എടുക്കുന്നതിനിടെയായിരുന്നു സംഘർഷം. മൊഴി നൽകാനെത്തിയവരോട് പള്ളിക്കുള്ളിലിരിക്കാൻ മെത്രാപ്പോലീത്ത അനുമതി നൽകിയെങ്കിലും വൈദിക അനുകൂലികൾ ഇത് അംഗീകരിച്ചില്ല. കാതോലിക്ക ബാവയുടെ ഭദ്റാസനം നിലകൊള്ളുന്ന ഇവിടെ ഓർത്തഡോക്‌സ് സഭയിൽ രൂപപ്പെട്ട ഭിന്നത സഭാ നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
സഭാ നേത്വത്തിന് നൽകിയ പരാതി
1. പള്ളിയും അനുബന്ധ സ്ഥാപനങ്ങളും കൈപിടിയിലൊതുക്കുന്നതിനായി ഇദ്ദേഹത്തിന് അനഭിമതരായവർക്ക് ഇടവകയിൽ അംഗത്വം കൊടുക്കുന്നില്ല. 2. പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി കുമ്പസാരിപ്പിക്കുന്നില്ല.
3. പള്ളിക്ക് കീഴിലുളള എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ വലിയ തുക കോഴയായി വാങ്ങിയിട്ടും അത് കണക്കിൽ കാണിക്കുന്നില്ല.
4. ഒഴിവുകളിൽ സഭാംഗങ്ങൾ അല്ലാത്തവരെ നിയമിക്കുന്നു. 5. കോടികളുടെ നിർമാണ പ്രവൃത്തികളിൽ സുതാര്യതയുമില്ല.
5. വൈദികനും സംഘവും വൻ തുക കൊളളയടിക്കുകയാണ്. 6. കേസ് നടത്തിപ്പിനായി പിരിച്ച പണത്തിന് രസീത് നൽകിയിട്ടില്ല.
9. വാർഷിക കണക്കുകൾ ഇടവകാംഗങ്ങൾ അറിയത്തക്ക വിധം പ്രസിദ്ധീകരിക്കാറില്ല.
10. സ്ഥാവര ജംഗമ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ല.
11. പള്ളിയിൽ വെറുപ്പും വിദ്വേഷവും പ്രസംഗിക്കുന്നു.
12. സഭാ കേസ് നടത്തിപ്പിൽ ഇടപെട്ടതിന്റെ പേരിൽ സഭാ നേതൃത്വത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു