കൊച്ചി: നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ ബോധപൂർവം നോട്ടീസുകൾ കൈപ്പറ്റാത്തവരിൽ നോട്ടീസെത്തിക്കാൻ വാട്‌സാപ്പ് അടക്കം എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. ഇ-കൊമേഴ്സ് ഇടപാടിൽ കബളിപ്പിക്കപ്പെട്ട തൃശൂർ സ്വദേശി അലീന നെൽസന്റെ ഹർജിയിലാണിത്.
ബാങ്ക് ഉദ്യോഗസ്ഥയായ പരാതിക്കാരി എറണാകുളത്തെ സുഹ്‌റിയാ ബുട്ടിക്കിന്റെ ഉടമ അംജോമോൾ ജോസിന് വാട്‌സാപ്പിൽ നോട്ടീസ് അയയ്‌ക്കാനാണ് അനുമതി തേടിയത്.
പരാതിക്കാരി സ്ഥാപനത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുർത്തയും ദുപ്പട്ടയും ഓർഡർ ചെയ്തിരുന്നു. 1400 രൂപ ഗൂഗിൾ പേ വഴി നൽകിയെങ്കിലും ഉത്പന്നം കിട്ടിയില്ല. എതിർകക്ഷിയുമായി ബന്ധപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയിൽ പരാതി സമർപ്പിച്ചത്.
ഉപഭോക്തൃ കോടതി അയച്ച നോട്ടീസും 'അങ്ങനെ ഒരാൾ ഇല്ല" എന്ന് രേഖപ്പെടുത്തി തപാൽ വകുപ്പ് മടക്കി. എന്നാൽ എതിർകക്ഷി വാട്സാപ്പിൽ ഇപ്പോഴും സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നോട്ടീസുകൾ ഇലക്ട്രോണിക് മാർഗങ്ങളിലും അയയ്ക്കാമെന്ന് ഡി.ബി.ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. പരാതിക്കാരിക്കുവേണ്ടി അഡ്വ.അഞ്ജലി അനിൽ ഹാജരായി.