അങ്കമാലി: നഗരസഭ ആറാം വാർഡിലെ ജലസ്രോതസായ വലിയ കുളത്തിൽ തുടർച്ചയായി മത്സ്യാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ ആളെ പിടികൂടി. മാലിന്യം വലിച്ച് എറിയുന്നവരെ പിടികൂടുന്നതിന് കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, മോളി മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം കാണുന്നതും ഇയാളെ പിടികൂടിയതും. മത്സ്യ വില്പനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. നഗരസഭ ഹെൽത്ത് വിഭാഗം എച്ച്.ഐ സന്തോഷ്, ജെ.എച്ച്.ഐ അനില എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്ക് നോട്ടീസ് കൊടുക്കുകയും ഫൈൻ ഈടാക്കുകയും ചെയ്തു.