h

ചോറ്റാനിക്കര: പ്രളയകാലത്തെ സന്നദ്ധ പ്രവർത്തനത്തിനിടയിൽ കൈയിൽ കിട്ടിയ ലൈഫ് ജാക്കറ്റ് നൽകിയ ആളെ തേടി ഇടക്കൊച്ചി സ്വദേശി സേവിയർ മുളന്തുരുത്തി അഗ്നിരക്ഷാ കേന്ദ്രത്തിലെത്തി. കേരളകൗമുദി പത്രക്കടലാസിലെ വാർത്തയായിരുന്ന വർഷങ്ങളായുള്ള അന്വേഷണങ്ങൾക്കൊടുവിൽ ആളിലേക്കെത്താനുള്ള ഏക പിടിവള്ളി.
2018ലെ പ്രളയത്തിൽ ആലുവ, ദേശം, കാലടി, വരാപ്പുഴ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്ത അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനും റെയിൻ ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകനുമായ ഇസ്മായിൽ ഖാനെയാണ് തേടിയെത്തിയത്.

സ്വന്തം കൈയിലെ പണം മുടക്കി ( 55000 രൂപ) 60 ലൈഫ് ജാക്കറ്റുകൾ വളണ്ടിയർമാർ പ്രളയബാധിത മേഖലയിൽ വിതരണം ചെയ്തത്. അപകടാവസ്ഥയിൽ വീടുകളിൽ കഴിയുന്നവരുടെ ശരീരത്തിൽ ഇത് ഘടിപ്പിച്ചാൽ അവർ മുങ്ങി പോകാതെ സുരക്ഷിതമായി ക്യാമ്പുകളിൽ എത്തിക്കാൻ സാധിക്കുന്നതായിരുന്നു ജാക്കറ്റ്.

തൃക്കാക്കര അഗ്‌നിരക്ഷാ നിലയത്തിലെ ലീഡിംഗ് ഫയർമാൻ ആയി ജോലി നോക്കുന്ന സമയത്ത് തനിക്ക് കിട്ടിയ ശമ്പളം ചെലവിട്ടായിരുന്നു ജാക്കറ്റുകൾ വാങ്ങിയത്. പ്രളയ കാലത്ത് വരാപ്പുഴ ഭാഗത്ത് വളണ്ടിയറായി സേവ്യറുണ്ടായിരുന്നു. അതിലൂടെ നിരവധി ജീവനുകൾ സുരക്ഷിതമാക്കിയ ശേഷം അത് അദ്ദേഹം സൂക്ഷിച്ചു വെക്കുകയായിരുന്നു. പ്രളയകാലത്തെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളാണ് ഇസ്മായിനെ തേടിയെത്തിയത്.

കേരള കൗമുദി മികച്ച സേവനം കാഴ്ചവച്ച അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെ ആദരിക്കാനായി നടത്തിയ ചടങ്ങിന്റെ വാർത്തയാണ് സേവ്യറിനെ മുളന്തുരുത്തി തുപ്പുംപടി അഗ്‌നി രക്ഷാ നിലയത്തിൽ ജോലി ചെയ്യുന്ന ഇസ്മായിലേക്കെത്തിച്ചത്. അന്ന്ലഭിച്ച ലൈഫ് ജാക്കറ്റുമായാണ് സേവ്യർ ഇസ്മായിൽ ഖാനെ കാണാനെത്തിയത്. ജാക്കറ്റ് അദ്ദേഹത്തിന് കൈമാറിയ ശേഷമാണ് സേവ്യർ മടങ്ങയത്. അദ്ദേഹത്തെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് തേടിയെത്തിയതെന്ന് സേവ്യർ പറഞ്ഞു.